ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ട തൃശൂർ കോർപ്പറേഷനിലെ മൾട്ടിലെവൽ കാർ പാർക്കിങിൽ വാഹനം കുടുങ്ങി. രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് കാര്‍ പുറത്തെത്തിച്ചത്. സംഭവം നാട്ടില്‍ പാട്ടായതോടെ പ്രതിപക്ഷം പാര്‍ക്കിങ് ഏരിയയില്‍ റീത്ത് വെച്ചു.
മൾട്ടിലെവൽ കാർ പാർക്കിങ് ഉദ്ഘാടനം കഴിഞ്ഞത് അഞ്ചുമാസത്തിന് മുമ്പാണ്. കോർപ്പറേഷൻ വളപ്പിൽ പാർക്കിങ്ങിന് ഏറെ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് പുതിയ പാർക്കിങ് സംവിധാനം ജനങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. എറണാകുളം സ്വദേശിയും സുഹൃത്തുക്കളും വന്ന വണ്ടി ഈ പാർക്കിങ് സംവിധാനത്തിൽ പാർക്ക് ചെയ്തു. എന്നാൽ കാർ കുടുങ്ങി. ആശ്വാസം ആശങ്കയാക്കി 2 മണിക്കൂറുകൾ പിന്നിട്ടിട്ടും കാറിന് രക്ഷപ്പെടാനായില്ല. വാർത്ത പരന്നതോടെ പ്രതിപക്ഷത്തിൻറെ ഊഴമായി. പ്രതിഷേധവുമായി എത്തിയപ്പോൾ അവർ കൂടെ ഒരു റീത്തും കരുതി.
റീത്ത് വെച്ചെങ്കിലും പാർക്കിങ് ടവറിന് അന്ത്യവിശ്രമായെന്ന് പറയാനാവില്ല. എപ്പോൾ വേണമെങ്കിലും ജീവൻ വയ്ക്കാം. നഗരസഭ തീരുമാനിക്കണമെന്നേയുള്ളു. കോടികൾ മുടക്കി പണിതു പൊക്കിയ മൾട്ടിലെവൽ പാർക്കിങ് ആണിത്. ഉപേക്ഷിക്കാനാവില്ല.