കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി ഇന്ന് തുരുമ്പെടുത്തു കിടക്കുന്നു. തൃശൂരില്‍ ഒരു കുടുംബശ്രീ വനിത തുടക്കമിട്ട പദ്ധതി അനക്കമറ്റിട്ട് വർഷങ്ങൾ.
2020 ൽ കുടുംബശ്രീ സംരംഭം എന്ന നിലയിൽ പ്രിയ പ്രകാശൻ വായ്പയെടുത്താണ് സഞ്ചരിക്കുന്ന മൃഗാശുപത്രി തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ ജനം ഏറ്റെടുത്ത മൃഗാശുപത്രിയ്ക്ക് പാര വച്ചത് ജന്തുക്ഷേമ സംഘടനയായിരുന്നു. അതിനു കാരണവുമുണ്ട്. തെരുവുനായ്ക്കളെ വന്ധീകരിക്കുന്ന എ ബി സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അംഗീകാരം ഇല്ലെന്ന് വാദിച്ച് ഈ സംഘടന അധികൃതർക്ക് പരാതി നൽകി. ഇതേ തുടർന്നാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി പാതിവഴിയിൽ ആയത്
ഇപ്പോൾ നിയമ തടസം മാറിയെങ്കിലും ഇതിനോടകം വായ്പ തിരിച്ചടവ് മുടങ്ങി. സഞ്ചരിക്കുന്ന മൃഗാശുപത്രിയിൽ ഉപയോഗിച്ചിരുന്നത് അത്യാധുനിക സംവിധാനങ്ങൾ ആയിരുന്നു . തെരുവുനായ്ക്കൾക്ക് വന്ധീകരണ ശസ്ത്രക്രിയ, വളർത്തുനായകൾക്കും തെരുവ് നായകൾക്കും പ്രതിരോധ കുത്തിവെപ്പ് , പശുക്കൾക്കും ആടുകൾക്കും കൃത്രിമ ബീജദാന കുത്തിവെപ്പ് ഇതെല്ലാം ചുരുങ്ങിയ കാലയളവിൽ പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സഹകരണത്തോടെ പ്രിയ ചെയ്തിരുന്നു. രണ്ടു ലക്ഷത്തോളം രൂപയുണ്ടെങ്കിൽ വായ്പയും നികുതിയുമൊക്കെ തീർത്ത് ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രിയയ്ക്ക് സ്വന്തം സ്റ്റാർട്ടപ്പിനെ വീണ്ടും തുടങ്ങാൻ ആകും. സി എസ് ആർ ഫണ്ടുള്ള സ്ഥാപനങ്ങൾ സഹായിച്ചാൽ ഇത് ചെയ്യാനാവുന്നതേയുള്ളു. വനിതാ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിനും പ്രിയയ്ക്ക് കൈത്താങ്ങാകാൻ കഴിയും