ഹൃദ്രോഗിക്ക് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ ലഭിച്ചത് നാലു മണിക്കൂർ വൈകി. ആരോഗ്യസ്ഥിതി വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ട് മെഡിക്കൽ കോളേജ് അധികൃതർ തടിയൂരി. തൃശൂർ കൈപറമ്പ് സ്വദേശി സജീഷിനാണ് ഈ ദുരവസ്ഥ ഉണ്ടായത്.
ഒരു സാധാരണക്കാരൻ, പലരുടെയും സഹായം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു കുടുംബം. ആ കുടുംബത്തിലെ ഗൃഹനാഥൻ സജീഷിനെ മെയ് 14ന് ജോലിസ്ഥലത്ത് നെഞ്ചുവേദന വന്നതിനെ തുടർന്ന് പറപ്പൂർ ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് റഫർ ചെയ്യപ്പെട്ട് സജീഷ് തൃശൂർ മെഡിക്കൽ കോളജിലെത്തിയപ്പോൾ നേരിട്ട അവഗണന ഞെട്ടിപ്പിക്കുന്നതാണ്.
മെഡിക്കല്‍ കോളജില്‍ ഇസിജിയെടുത്തെന്നും പ്രശ്നമുണ്ടെന്ന് കണ്ടിട്ടും മണിക്കൂറുകളോളം ചികില്‍സ തന്നില്ലെന്നും സജീഷ് പറഞ്ഞു. പിന്നീട് നാല് മണിയായതോടെ ഹൃദയമിടിപ്പ് കുറഞ്ഞതോടെയാണ് ഓപ്പറേഷന്‍ വേണമെന്ന് ആശുപത്രിക്കാര്‍ പറഞ്ഞതെന്ന് ഭാര്യ സിന്ധു പറയുന്നു. ബുക്കിങ് പ്രകാരമാണ് ഇവിടെ ഓപ്പറേഷനെന്നും നാളെ ബുക്ക് ചെയ്ത് ലഭിച്ചാല്‍ നോക്കാമെന്നുമാണ് പറഞ്ഞത്. ഇതോടെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്.
മെഡിക്കൽ കോളേജിലുണ്ടായ ദുരനുഭവം ഇനി മറ്റാർക്കും ഉണ്ടാകരുത് എന്ന ചിന്തയിൽ സിന്ധു ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് ഗൂഗിളിൽ നമ്പർ തപ്പി വിളിച്ചു. ഓഫീസിൽ നിന്ന് ആരോ എടുത്ത് പറഞ്ഞ പ്രതികരണം ഇമെയില്‍ അയക്കാനായിരുന്നു.
ബിപിഎല്‍ വിഭാഗത്തിൽപെട്ട ഇവർക്കുണ്ടായ ഈ ദുരനുഭവം ഇനി ആർക്കും ഉണ്ടാകാൻ പാടില്ല എന്നതാണ് ഇവരുടെ അഭ്യർഥന.