തൃശൂർ ചാവക്കാട് മണത്തലയിൽ കരാർ കമ്പനിയുടെ വിള്ളല്‍ അടയ്ക്കലില്‍ വലഞ്ഞ് നാട്ടുകാര്‍. വിള്ളല്‍ അടയ്ക്കാനായി കരാര്‍ കമ്പനി ഒഴിച്ച ടാര്‍ വീടുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ ഭിന്നശേഷിക്കാരനായ അശോകനും കുടുംബവും എന്തുചെയ്യുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ്.
ദേശീയപാത നിർമിക്കുന്നതിന്‍റെ പേരിൽ വർഷങ്ങളോളം ദുരിതം. നിർമിച്ച ദേശീയപാത പൊളിഞ്ഞപ്പോൾ അതിലേറെ ദുരിതം. ഉണ്ടായ വിള്ളൽ അടയ്ക്കാൻ അധികൃതർ ശ്രമിച്ചപ്പോൾ തൃശൂർ ചാവക്കാട് മണത്തല നിവാസിയായ അശോകന് വീട്ടിൽ കയറാൻ പോലും കഴിയാത്ത സ്ഥിതി.
ബുധനാഴ്ച വൈകുന്നേരമാണ് ദേശീയപാത അധികൃതർ റോഡിൽ ടാർ പൂശിയത്. രാത്രി പെയ്ത മഴയിൽ ടാറും ചെളിയും വെള്ളവും മണ്ണുമെല്ലാം ഒഴുകിയെത്തിയത് സമീപത്തെ വീടുകളിലേയ്ക്ക്. ഇതിൽ അശോകന്‍റെ വീട്ടിൽ കയറാനോ ഇറങ്ങാനോ പറ്റാത്ത സ്ഥിതി. ചുറ്റും മാത്രമല്ല കാർ പോർച്ചിലും ഇതെല്ലാം കെട്ടിക്കിടക്കുകയാണ്.
ദേശീയപാത നിർമാണം തുടങ്ങിയകാലം മുതൽ ഉറക്കം നഷ്ടപ്പെട്ട ദിനങ്ങൾ, പണി തീർന്നിട്ടും അവസാനിക്കുന്നില്ല. കലക്ടർക്കും ദേശീയപാത അതോറിറ്റി അധികൃതർക്കും നഗരസഭയ്ക്കുമെല്ലാം പരാതി കൊടുത്തു മടുത്തിരിക്കുകയാണ് അശോകൻ. പക്ഷേ ഒരു നടപടിയും ഇതുവരെ ആരും സ്വീകരിച്ചിട്ടില്ല.