തൃശൂര്‍ തിരൂരിലെ സഹകരണ ബാങ്കില്‍ പെട്രോളുമായെത്തി സ്ത്രീയുടെ ആത്മഹത്യാ ഭീഷണി. ബാങ്ക് ലേലത്തില്‍ വിറ്റ ഭൂമിയുടെ അധിത തുക ലഭിക്കാനായിരുന്നു പ്രതിഷേധം. അവശയായ സ്ത്രീയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍ പോട്ടോര്‍ സ്വദേശിനിയായ സരസ്വതിയാണ് തിരൂര്‍ സഹകരണ ബാങ്കില്‍ ആത്മഹത്യാശ്രമവുമായി എത്തിയത്. കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കുമെന്നായിരുന്നു ഭീഷണി. സരസ്വതിയുടെ കുടുംബം 23 സെന്‍റ് ഭൂമി പണയപ്പെടുത്തി ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി. ഇതുകൂടാതെ, പത്തു സെന്‍റും കിടപ്പാടവും പണയപ്പെടുത്തി ഒന്നരലക്ഷം രൂപ കൂടി വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയിട്ട് വര്‍ഷങ്ങളായതോടെ പതിനാലു ലക്ഷം രൂപയുടെ ബാധ്യതയായി. ഇരുപത്തി മൂന്ന് സെന്‍റ് സ്ഥലം ബാങ്ക് ലേലത്തില്‍ വിറ്റു. ഇരുപത്തിമൂന്നു ലക്ഷം രൂപ കിട്ടി. വായ്പാ കുടിശിക എടുത്ത ശേഷം പത്തു ലക്ഷം രൂപ ബാക്കിയുണ്ട്. അത് മടക്കികിട്ടാനായാരുന്നു പ്രതിഷേധം.
പ്രതിഷേധം തുടരുന്നതിനിടെ അവശത അനുഭവപ്പെട്ട സരസ്വതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എട്ടു ലക്ഷം രൂപ വരെ മടക്കിതരാമെന്ന് ബാങ്ക് പറഞ്ഞതായി സരസ്വതിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.