റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനമായിരുന്നു പൂരം ഫിന്‍സെര്‍വ്. തൃശൂര്‍ ആസ്ഥാനമായ ഈ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ മൂവായിരം പേര്‍. 130 കോടിയുടെ നിക്ഷേപം. നിക്ഷേപകര്‍ക്ക് മുതലും പലിശയും കിട്ടാതെ മൂന്നു വര്‍ഷമായി. ഇവര്‍ ഇങ്ങനെ പലപ്പോഴായി ഒത്തുകൂടും. നീതികിട്ടാന്‍.
ബഡ്സ് ആക്ട് പ്രകാരം ജയിലില്‍ കിടക്കേണ്ട ഉടമസ്ഥര്‍ പുറത്തു വിലസുകയാണ്. ക്രിമിനല്‍ കേസും സിവില്‍കേസും നിലവിലുണ്ട്. സ്വത്തുക്കള്‍ കണ്ടുക്കെട്ടാനും നടപടി തുടങ്ങി. ഹൈക്കോടതിയില്‍ നിന്ന് ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയെന്നാണ് പൊലീസ് വിളിപ്പിക്കുമ്പോള്‍ ഉടമ അനില്‍കുമാര്‍ പറയുന്നത്.
പൊലീസ് ഉദ്യോഗസ്ഥരാകട്ടെ പൂരം ഫിന്‍സെര്‍വിന്‍റെ കാര്യത്തില്‍ ആദ്യമേ താല്‍പര്യം കാട്ടുന്നുമില്ല. നിക്ഷേപകര്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി മടുത്തു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല.
പ്രവാസികളും സര്‍വീസില്‍ നിന്ന് വിരമിച്ചവരുമായി ഒട്ടേറെ പേര്‍ ഇപ്പോഴും തുക കിട്ടാതെ വലയുന്നു. തൃശൂര്‍ ജില്ലയിലെ നിക്ഷേപകര്‍ക്ക് എവിടുന്ന് നീതി കിട്ടുമെന്ന് മാത്രം അറിയില്ല.