കോട്ടയം വൈക്കത്ത് ഇടിമിന്നലിൽ വീടുകളുടെ ഭിത്തിക്ക് വിള്ളൽ വീഴുകയും ബൾബുകൾ പൊട്ടിച്ചിതറുകയും ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. ഉദയനാപുരത്തും വടയാറിലുമാണ് ഇടിമിന്നൽ നാശം വിതച്ചത്.
ഉദയനാപുരം പതിനൊന്നാം വാർഡ് വല്ലകം പള്ളിക്ക് സമീപം ആശാരിക്കുന്നേൽ വി.എ സാനുവിന്‍റെ വീടാണ് ഇടിമിന്നലില്‍ നശിച്ചത്. വീടിന്‍റെ പാരപ്പറ്റിലും ഭിത്തിയിലും വിള്ളൽ വീണു. സാനു വീടിന് പുറത്ത് കസേരയില്‍ ഇരിക്കുമ്പോഴാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. നാല് സീലിങ് ഫാനുകളും ഇൻവെർട്ടറും കത്തിപോയി. വീടിന്‍റെ വയറിങ് പൂര്‍ണമായും ഇല്ലാതായി.
വടയാറിൽ അമ്മയും മകളും താമസിച്ചിരുന്ന വീട്ടിലും സമാന രീതിയിൽ ഇടിമിന്നല്‍ നാശനഷ്ടമുണ്ടാക്കി. വീടിന്‍റെ അടിത്തറ ഭാഗത്തെ മണ്ണടക്കം ഇളകിമാറിപ്പോയി. വീട്ടിലുണ്ടായിരുന്നവര്‍ അല്‍ഭുതകരമായാണ് രക്ഷപെട്ടത്.