കോട്ടയം പനച്ചിക്കാട് പൂവന്തുരുത്തിൽ നിന്ന് കാണാതായ ദമ്പതികളെയും മകനെയും കണ്ടെത്താന്‍ തമിഴ്നാട്ടിലേക്കും അന്വേഷണം. വൈകാതെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കും. സാമ്പത്തിക ബാധ്യതയെ തുടർന്ന് നാടുവിട്ടെന്നാണ് പ്രാഥമികവിവരം.
പനച്ചിക്കാട് പഞ്ചായത്തിലെ നാലാംവാര്‍ഡ് പൂവന്തുരുത്ത് കിഴക്കേമൂലയില്‍ താമസിച്ച പാലമുറ്റത്തിൽ വീട്ടിൽ 62 വയസുളള റെജി, ഭാര്യ സൂസമ്മ, മകൻ മുപ്പതുകാരന്‍ ജോമറ്റ് എന്നിവരെ കഴിഞ്ഞ മാസം 26 നാണ് കാണാതായത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം തമിഴ്നാട്ടിലേക്ക് പോയെന്നാണ് നിഗമനം.
വീട്ടില്‍ കിടന്ന കാറുമായി ഇവര്‍ യാത്ര ചെയ്യുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. വാഗമണ്ണിലും, പാഞ്ചാലിമേട്ടിലുമൊക്കെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഈസ്റ്റ് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയെങ്കിലും ഫലമില്ല. അതിനാല്‍ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കാനാണ് പൊലീസ് തീരുമാനം. തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം തുടരും.