കോട്ടയം ചന്തക്കവലയിൽ നടപ്പാതയിലേക്ക്സ്വകാര്യ ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിന് കാരണം ബസ്സിന്റെ അമിത വേഗമെന്ന് മോട്ടർ വാഹനവകുപ്പ്. അപകടമുണ്ടാക്കിയ തണ്ടപ്ര ബസ് ഡ്രൈവറുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കും. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മഴ പെയ്തു കിടന്ന റോഡിലൂടെ അമിതവേഗത്തിൽ പാഞ്ഞ ബസ്സിന് ബ്രേക്ക് കിട്ടിയില്ല. അമിതവേഗമാണ് അപകടകാരണമെന്ന് മോട്ടർ വാഹനവകുപ്പ് കണ്ടെത്തി. റോഡിൻ്റ ഇടതുവശത്തെ കൈവരികൾ തകർത്ത് നടപ്പാതയിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നടപ്പാതയിലൂടെ നടന്നവരും ബസ് കാത്തു നിന്നവരും ബസ്സിനടിയിൽപ്പെട്ടു. ബസ്സിന്റെ തേയ്മാനമുള്ള ടയറുകളും അപകടത്തിന് കാരണമായി. ബസ് ഡ്രൈവർ കുറിച്ചി സ്വദേശി 25 വയസ്സുള്ള അതുൽ ബിജുവിന്റെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കുമെന്ന് ആർ.ടി.ഒ ഡി. ജയരാജ് അറിയിച്ചു. ലൈസൻസ് റദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസും റിപ്പോർട്ട് നൽകിയിരുന്നു. ബസ് കോടതിയിൽ ഹാജരാക്കി.
അപകടത്തിൽ നട്ടാശ്ശേരി സ്വദേശിനി അഞ്ജലിക്ക് ജീവൻ നഷ്ടമായിരുന്നു. പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇത്തിത്താനം സ്വദേശി ശ്രീകുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറിയപ്പള്ളി സ്വദേശിനി ജയയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു പേർ ഡിസ്ചാർജ് ആയി.