Image: instagram/masoud.official.m
‘സോഷ്യൽ എക്സ്പെരിമെന്‍റിന്‍റെ’ കാലമാണ്, എപ്പോഴാണ് എങ്ങിനെയാണ് ആരാണ് എക്സ്പെരിമെന്റും പ്രാങ്കുമായി മുന്നില്‍ വരിക എന്ന് പറയാന്‍ പറ്റില്ല. അത്തരത്തില്‍ ഒരു സോഷ്യൽ എക്സ്പെരിമെന്റാണ് മലയാളികളുടെ ചങ്കിടിപ്പിച്ചത്! ‘ഉയിര് കയ്യിൽ പിടിച്ചാണ് വിഡിയോ ലാസ്റ്റ് വരെ കണ്ടത്’ എന്നാണ് വിഡിയോയുടെ ആദ്യ കമന്‍റു തന്നെ!
അഫ്ഗാനിസ്ഥാൻ സ്വദേശിയും കേരളത്തില്‍ വിദ്യാര്‍ഥിയുമായ മസൂദ് മൊസ്ലെമിന്‍റേതായിരുന്നു ഈ സോഷ്യൽ എക്സ്പെരിമെന്റ്. സംഭവം ലളിതമായിരുന്നു, പഴ്സിൽ നിറയെ പണം വച്ച്, ആ പഴ്സ് സ്കൂട്ടറിന്റെ സീറ്റിൽ വയ്ക്കുന്നു. ശേഷം മാറി നിന്ന് ചിത്രീകരിക്കുന്നു. ചോദ്യം: ‘കേരളം ശരിക്കും സുരക്ഷിതമാണോ?’. പക്ഷേ നെഞ്ചിടിച്ചിട്ടായിരിക്കും പലരും ഈ റീല്‍ കണ്ടുതീര്‍ത്തത്! കാരണം ഒരാളുടെ പ്രവൃത്തി പോരേ പേരുദോഷത്തിന്!
വൈകുന്നേരം 06.20 മുതലായിരുന്നു പരീക്ഷണം. നല്ല തിരക്കും സ്കൂട്ടറിന്‍റെ സമീപത്തു കൂടി ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 07.45 ന് പരീക്ഷണം അവസാനിച്ചു. എന്നാൽ, ആരും പഴ്സ് ഒന്ന് തൊടുക പോലും ചെയ്തില്ല. അവസാനം മസൂദ് പഴ്സ് തിരികെയെടുക്കുമ്പോള്‍ വിഡിയോ അവസാനിക്കുന്നു. അങ്ങിനെ കേരളത്തിന്‍റെ അഭിമാനം നമ്മള്‍ മലയാളികള്‍ വീണ്ടും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. 17 മണിക്കൂര്‍ മുന്‍പ് പങ്കുവച്ച വിഡിയോ പത്ത് ലക്ഷം പേരാണ് ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ മാത്രം കണ്ടത്. ദുബായിൽ നിന്നുള്ള ഇത്തരം സോഷ്യൽ എക്സ്പിരിമെന്റ് വിഡിയോകൾ ഇതിനകം വൈറലാണ്. ഇതേ സംഭവം കേരളത്തിലും പരീക്ഷിച്ചതാണ് മസൂദ്. ‘ദുബായ് അല്ല, കേരളം’ എന്ന് കുറിച്ചാണ് മസൂദ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്തായാലും റീല്‍ കാണുന്നയാള്‍ കമന്‍റ് ബോക്സില്‍ ഒന്ന് എത്തിനോക്കാതെ പോകില്ല! കാരണം അവിടെയാണ് രസം! ‘ഉയിര് കയ്യിൽ പിടിച്ചാണ് വിഡിയോ ലാസ്റ്റ് വരെ കണ്ടത്, മലയാളികളെ നന്ദിയുണ്ടേ, തനി നിറം കാണിക്കാത്ത എല്ലാവർക്കും നന്ദി, ഭാഗ്യം.. മാനം പോയില്ല, എന്‍റെയും എന്‍റെ നാട്ടുകാരുടെയും നന്ദി രേഖപ്പെടുത്തുന്നു, ഓഹ് ഭാഗ്യം നാണംകെടുത്തിയില്ല’– എന്നിങ്ങനെ നീളുന്നു റീലിനു താഴെയുള്ള തമാശ നിറഞ്ഞ കമന്‍റുകള്‍.
എന്നാല്‍ തമാശ മാത്രമല്ല, കാര്യവുമുണ്ട് ചില കമന്‍റുകളില്‍... ‘എറണാകുളം പനമ്പിളി നഗറിൽ മനോരമയുടെ അടുത്ത് മെയിൻ റോഡിൽ എന്‍റെ ബൈക്കിന്‍റെ സീറ്റിൽ അറിയാതെ എന്‍റെ സാംസങ് എസ്3 വെച്ചിട്ട് പോയി... പിഎസ്‌സി പരീക്ഷ എഴുതി വരും വരെ അത് ആരും എടുത്തില്ല’ എന്നാണ് ഒരാള്‍ അനുഭവമായി കുറിച്ചത്. ‘ഇന്ത്യയിലെ ഏറ്റവും സുരക്ഷിതത്വമായ സംസ്ഥാനം കേരളമാണ്, നിയമങ്ങൾ കൊണ്ടല്ല ഒരു നാട് നല്ലതാകുന്നത്, അവിടെയുള്ള മനുഷ്യരുടെ മനുഷ്യത്വം കൊണ്ടാണ്, പഴ്സ് എടുത്ത് കൊണ്ടുപോകുന്ന ആൾ വീട്ടിൽ എത്തുന്നതിനു മുമ്പ് കേരള പൊലീസ് വീട്ടിൽ എത്തും..’– എന്നിങ്ങനെയും കമന്‍റുകളുണ്ട്.
എക്സ്പെരിമെന്റ് കോട്ടയത്തായതുകൊണ്ട് കോട്ടയംകാരും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ‘ഡൽഹിയല്ല, പട്യാലയല്ല. ഇത് കോട്ടയമാണ്... കോട്ടയം! മീനച്ചിലും പാലായും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ഒക്കെ അടങ്ങിയ കോട്ടയം..’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘കോട്ടയംകാർക്ക് വല്ലവന്‍റെയും ക്യാഷ് ഒന്നും വേണ്ടടെ, കോട്ടയം ഡാ’ എന്നിങ്ങനെയും കമന്‍റുകളിലുണ്ട്.
നേരത്തേ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ചികില്‍സയെ പ്രശംസിച്ചും മസൂദ് രംഗത്തെത്തിയിരുന്നു. 'റിയാലിറ്റി ഓഫ് കേരള' എന്നാണ് മസൂദ് ആ വിഡിയോക്ക് അടിക്കുറിപ്പ് നൽകിയിരുന്നത്. മാത്രമല്ല കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെയും സാംസ്കാരിക പൈതൃകത്തെയും മതസൗഹാര്‍ദത്തെയും കുറിച്ചുള്ള വിഡിയോകളും മസൂദിന്‍റെ സോഷ്യൽ മീഡിയ പേജുകളിലുണ്ട്. 'ദ മാൻ ഫ്രം ഹാർട്ട് ഓഫ് ഏഷ്യ ലിവിങ് ദ മല്ലു ലൈഫ് ,കേരളത്തിന്‍റെ ദത്തുപുത്രന്‍' എന്നാണ് മസൂദ് ബയോയിൽ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. 86,000 ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ മസൂദിനുള്ളത്.