monkey-snatches-cash

ഹിമാചൽ പ്രദേശില്‍ യുവാവിന്‍റെ പോക്കറ്റില്‍ നിന്നും കുരങ്ങന്‍ ‘കവര്‍ന്നത്’ 81,800 രൂപ! പോരാത്തതിന് മരത്തിന് മുകളില്‍ കയറി നോട്ടുകള്‍ ഓരോന്നായി താഴെ നിന്നവര്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. ഹിമാചലിലെ ഷിംലയില്‍, ഡെപ്യൂട്ടി കമ്മീഷണറുടെ (ഡി.സി) ഓഫീസിന് സമീപമാണ് സംഭവം.

യുവാവ് ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയ പണമാണ് കുരങ്ങൻ തട്ടിയെടുത്തത്. പോക്കറ്റിൽ കിടന്ന പണക്കെട്ട് കയ്യിലാക്കിയ കുരങ്ങൻ സമീപത്തെ മരത്തിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് മരച്ചില്ലയിലിരുന്ന് ഓരോ നോട്ടുകളായി താഴേക്ക് വലിച്ചെറിയാൻ തുടങ്ങി.

മരത്തിൽ നിന്ന് നോട്ടുകൾ താഴേക്ക് പറപറന്നുവീഴുന്നത് കണ്ട് ഓഫീസിലെ ജീവനക്കാരും വഴിയാത്രക്കാരും അമ്പരന്നു. റോഡിലും പരിസരത്തുമായി ചിതറിക്കിടന്ന പണം പെറുക്കാനായി ആളുകൾ തടിച്ചുകൂടി. ഒടുവിൽ എല്ലാവരും ചേര്‍ന്ന് പണത്തിന്റെ വലിയൊരു ഭാഗം ‘പെറുക്കിയെടുത്ത്’ യുവാവിന് തിരികെ നല്‍കി. എങ്കിലും ഏകദേശം 1,500 രൂപയോളം കുറവുണ്ടായിരുന്നു. മാത്രമല്ല, കുരങ്ങൻ ചില 500 രൂപ നോട്ടുകൾ കടിച്ചുകീറി നശിപ്പിക്കുകയും ചെയ്തു.

ഷിംല നഗരത്തിൽ കുരങ്ങുകളുടെ ശല്യം അതിരൂക്ഷമാണെന്ന പരാതി നിലനിൽക്കെയാണ് പുതിയ സംഭവം. ഭക്ഷണസാധനങ്ങളും മറ്റ് വസ്തുക്കളും കുരങ്ങുകള്‍ തട്ടിയെടുക്കുന്നതായി പ്രദേശവാസികള്‍ നാളുകളായി പരാതി പറയുന്നുണ്ട്. ഇതിനിടയിലാണ് പോക്കറ്റിലെ പണത്തിന് പോലും രക്ഷയില്ലാതായിരിക്കുന്നത്.

ENGLISH SUMMARY:

A monkey in Shimla, Himachal Pradesh, snatched a bundle of ₹81,800 from a young man's pocket and showered the currency notes from a treetop near the Deputy Commissioner's office. The cash was meant to be deposited in a bank when the primate grabbed the money and climbed a nearby tree, leaving office staff and passersby stunned as notes rained down. While locals and onlookers gathered the scattered cash and returned the bulk of it to the man, around ₹1,500 went missing and several ₹500 notes were torn apart by the monkey.