അസമിൽ കൊൽക്കത്ത-സൈറാങ് എക്സ്പ്രസിന്റെ എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഇന്ന് രാവിലെ 6.54ന് കാമരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലെ ദിഗാരു സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. നാല് യാത്രക്കാര്‍ക്ക് നിസ്സാര പരുക്കേറ്റെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ട്രെയിന്‍ പാളംതെറ്റുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
Also Read: 'ബോധം കെട്ടു കിടക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ വെപ്രാളമായി; വെട്ടി നുറുക്കി'യെന്ന് ഭര്‍ത്താവ്
മറ്റൊരു ട്രെയിനിന് കടന്നുപോകാൻ മുൻഗണന നൽകുന്നതിനിടെ സ്റ്റേഷനിലേക്ക് പ്രവേശിച്ച ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാകാതെ പോയതാണ് അപകടകാരണമെന്ന് റയിൽവേ അറിയിച്ചു. ലോക്കോ ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നാണ് സൂചന. എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നതും ട്രെയിന്‍ നിയന്ത്രണം വിട്ട് മുന്നോട്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
45 സൈക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ബ്രേക്ക് പൈപ്പിലെ മര്‍ദം കുറയുന്നില്ലെന്നും സിഗ്നല്‍ ചുവപ്പാണെന്നും പറയുന്നത് ദൃശ്യങ്ങളിലുണ്ട്. പവര്‍ സ്വിച്ചുകള്‍ പലത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രെയിനിന്റെ കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നോര്‍തേണ്‍ ഫ്രണ്ടിയര്‍ റെയില്‍വേ അറിയിച്ചു. ഉറക്കത്തിലായിരുന്ന താന്‍ ഗുവാഹത്തിയിലെത്തിയപ്പോഴാണ് ഉണര്‍ന്നതെന്നും അവിടെ നിര്‍ത്തിയ ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചെന്നും പാന്‍ട്രി കാര്‍ മാനേജര്‍ പ്രതികരിച്ചു.
ദിഗാരു സ്റ്റേഷന് പിന്നാലെ വലിയ ശബ്ദം കേട്ടു,എന്ജിന് പാളം തെറ്റിയെന്ന് തോന്നിയെങ്കിലും ഒരു കിലോമീറ്ററോളം മുന്പോട്ട് പോയി, മൂന്നുതവണ സീറ്റില്‍ നിന്നും താഴെവീണു, വാതില്‍ തുറക്കാന്‍ പറ്റാതായതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായെന്നും പാന്‍ട്രി കാര്‍ മാനേജര്‍ എഎന്‍ഐയോട് പറഞ്ഞു. പത്തു മിനിറ്റിനു ശേഷമാണ് ട്രെയിന്‍ പൂര്‍ണമായും നിന്നത്, എന്‍ജിനും പവര്‍കാറും പൂര്‍ണമായും തകരാറിലായെന്നും വലിയ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.