എംടി വാസുദേവൻ നായരുടെ നാലുകെട്ട് നോവൽ കാമറ കാഴ്ചകളാക്കി ഫൊട്ടോഗ്രഫറായ വൈക്കം സ്വദേശി ഡി മനോജ് .നാലുകെട്ടും നിളയും എന്ന പേരിലുള്ള ചിത്രപ്രദർശനം വൈക്കത്ത് അഞ്ചിന് സമാപിക്കും.
അപ്പുണ്ണിക്കൊപ്പം വായനക്കാരൻ സഞ്ചരിച്ച തെക്കേപ്പാട് തറവാട്, കുതിരപ്പറമ്പ്, കൂട്ടക്കടവ്, സർപ്പക്കാവ്, യുസുപ്പിന്‍റെ പീടിക, പകിടകളി, പള്ളിക്കു മുന്നിലെ പൂതനും തിറയും ഇവയെല്ലാം മനോജിന്‍റെ ചിത്രങ്ങളിലുണ്ട്. എംടിയുടെ നാലുകെട്ട് വായിച്ചവർക്കു 'നാലുകെട്ടും നിളയും' എന്ന പേരിലുള്ള ചിത്രപ്രദർശനം പുതിയ അനുഭവമായിരിക്കും. അമ്പതു പ്രധാന ചിത്രങ്ങളാണ് മനോജ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.. രണ്ടര വർഷമെടുത്താണു ചിത്രങ്ങളുടെ പരമ്പരയൊരുക്കിയത്.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പഠനത്തിനും സാഹിത്യാസ്വാദനത്തിനും സഹായകമാകുന്നതാണ് ചിത്രങ്ങൾ. എട്ട് പ്രസിദ്ധരുടെ ശ്രദ്ധേയമായ സാഹിത്യകൃതികളാണ് മനോജ് ഇതുവരെ ചിത്ര പരമ്പരയാക്കിയത്. വൈക്കത്തെ ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ അഞ്ചാം തീയതി വരെയാണ് പ്രദർശനം.