rubber-tapping

TOPICS COVERED

റബര്‍ ടാപ്പിങ് സമയം വൈകിട്ടാക്കിയാല്‍ കൂടുതല്‍ റബര്‍ പാല്‍‌ ലഭിക്കുമെന്ന് റബര്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. യുവാക്കള്‍ റബര്‍ ടാപ്പിങിന് തയാറായാല്‍ റബര്‍ ബോര്‍ഡ് പരിശീലനവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കി തൊഴില്‍ നല്‍കും. യൂണിഫോം ഉള്‍പ്പെടെ അനുവദിച്ച് ടാപ്പിങ് തൊഴിലാളികളെ കണ്ടെത്താന്‍ വിപുലമായ പദ്ധതി തയാറാക്കുകയാണ് റബര്‍ ബോര്‍ഡ്.

റബര്‍ ടാപ്പിങിന് തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ കാടുകയറിക്കിടക്കുന്ന റബര്‍ തോട്ടങ്ങളെ സജീവമാക്കാന്‍ യുവതലമുറയ്ക്ക് പരിശീലനം നല്‍കി രംഗത്തിറക്കാനാണ് റബര്‍ ബോര്‍ഡിന്‍റെ തീരുമാനം. കോട്ടയത്ത് റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് വിവിധ ജില്ലകളിലെ അന്‍പതോളം ടാപ്പിങ് തൊഴിലാളികളെ ക്ഷണിച്ച് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ഹരിയും ഉന്നത ഉദ്യോഗസ്ഥരും തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. 

അതിരാവിലെ റബര്‍ ടാപ്പിങ് ചെയ്യുന്നതിന് പകരം വൈകിട്ട് അഞ്ചിന് ശേഷം ടാപ്പിങ് ചെയ്താല്‍ കൂടുതല്‍ റബര്‍ പാല്‍‌ ലഭിക്കുമെന്ന് റബര്‍ ബോര്‍ഡിന്‍റെ ഗവേഷണവിഭാഗം കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവാക്കള്‍ റബര്‍ ടാപ്പിങിന് തയാറായാല്‍ റബര്‍ ബോര്‍ഡ് പരിശീലനം നല്‍കും. ഇന്‍ഷുറന്‍ ആനുകൂല്യം നല്‍കും. യൂണിഫോം ഉള്‍പ്പെടെ നല്‍കി തൊഴില്‍ ഉറപ്പാക്കും.

പാമ്പു കടിയേറ്റാലും, കാട്ടുപന്നി ആക്രമിച്ച് പരുക്കേറ്റാലും ചികില്‍സയ്ക്ക് റബര്‍ ബോര്‍ഡ് പണം നല്‍കുമെങ്കിലും ആരും ഉപയോഗപ്പെടുത്തുന്നില്ല. ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷന്‍ പദ്ധതിയുമൊക്കെ ഉണ്ടെങ്കിലും തൊഴിലാളികള്‍ ഇതൊന്നും അറിയുന്നില്ല.

'INRK Connect' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ തോട്ടം ഉടമകളുടെയും ടാപ്പിങ് തൊഴിലാളികളുടെയും സമ്പൂര്‍ണ റജിസ്റ്റര്‍ ഉടന്‍ തയാറാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ENGLISH SUMMARY:

Malayala Manorama Online News highlights a significant finding by the Rubber Board: delaying rubber tapping until the evening can lead to increased latex yield. The board is actively seeking to attract young individuals to the profession by offering comprehensive training, insurance coverage, and employment opportunities.