രാജ്യത്തെ റബ്ബർ കർഷകരെയും റബ്ബർ മേഖലയെയും തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിനായി സ്വാഭാവിക റബ്ബറിന്റെയും കോമ്പൗണ്ട് റബ്ബറിന്റെയും മറ്റ് റബ്ബർ ഉൽപന്നങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതി തടയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പിയുഷ് ഗോയലിന് നിവേദനം നൽകി. ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, കെ. ഫ്രാൻസിസ് ജോർജ്, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരടങ്ങുന്ന നിവേദക സംഘമാണ് മന്ത്രിയെ കണ്ടത്.
ഇറക്കുമതി കുത്തനെ ഉയരുന്നു
2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏകദേശം 6,294 കോടി രൂപ വിലമതിക്കുന്ന 369,514 ടൺ പ്രകൃതിദത്ത റബ്ബറാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ 172,057 ടൺ റബ്ബർ നികുതിരഹിതമായാണ് എത്തിയത്. കൂടാതെ, കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി 2024-ൽ 171,621 ടണ്ണായിരുന്നെങ്കിൽ, 2025-ൽ 47.4 ശതമാനം വർധിച്ച് അത് 252,899 ടണ്ണായി കുത്തനെ ഉയർന്നു.
എച്ച്എസ്‌എൻ (HSN) കോഡ് 4005 ദുരുപയോഗം ചെയ്താണ് ഇത്തരം ഇറക്കുമതികൾ നടക്കുന്നത്. പ്രകൃതിദത്ത റബ്ബറിന് 25 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുമ്പോൾ, ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ 0-5 ശതമാനം ഇളവ് തീരുവയിലാണ് കോമ്പൗണ്ട് റബ്ബർ ഇറക്കുമതി നിർബാധം തുടരുന്നത്.
പ്രതിസന്ധിയിൽ കർഷകർ
വലിയ തോതിലുള്ള ഈ ഇറക്കുമതി ആഭ്യന്തര വിപണിയിൽ പ്രകൃതിദത്ത റബ്ബറിന്റെ വില ഉൽപ്പാദനച്ചെലവിനേക്കാൾ താഴാൻ കാരണമായി. ഇത് രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ റബ്ബർ കർഷകരെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ റബ്ബർ ഉൽപ്പാദക സംഘങ്ങളുടെ പ്രാദേശിക ഫെഡറേഷനുകളുടെ ദേശീയ കൺസോർഷ്യത്തിന്റെ കണക്കുപ്രകാരം, തുടർച്ചയായ വിലക്കുറവ് കാരണം റബ്ബർ തോട്ടങ്ങളുടെ 30 ശതമാനത്തിലധികം ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.
പ്രധാന ആവശ്യങ്ങൾ
നികുതി ഏകീകരണം: ആഭ്യന്തര കർഷകരെ രക്ഷിക്കുന്നതിനായി പ്രകൃതിദത്ത റബ്ബറിന് തുല്യമായി കോമ്പൗണ്ട് റബ്ബറിനും നികുതി ചുമത്തുക. ഇതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിനോട് (BIS) ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടി വൈകുന്നതിൽ എംപിമാർ ആശങ്ക രേഖപ്പെടുത്തി.
നാഷണൽ റബ്ബർ മ്യൂസിയം: റബ്ബർ വ്യവസായത്തിന്റെ ചരിത്രം സംരക്ഷിക്കുന്നതിനായി കോട്ടയം മണിമലയിലെ മുക്കടയിലുള്ള സെൻട്രൽ നഴ്‌സറിയിൽ നാഷണൽ റബ്ബർ മ്യൂസിയം ഓഫ് ഇന്ത്യ സ്ഥാപിക്കുക.
സബ്‌സിഡികൾ വർദ്ധിപ്പിക്കുക: തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി റബ്ബർ ബോർഡിന്റെ സബ്‌സിഡികൾ വർദ്ധിപ്പിക്കുക. പ്രതികൂല കാലാവസ്ഥയിലും കർഷകർക്ക് ടാപ്പിങ് തുടരുന്നതിനായി മഴക്കോട്ടിനും സ്പ്രേ പ്രവർത്തനങ്ങൾക്കുമുള്ള സബ്‌സിഡി മൊത്തം ചെലവിന്റെ 50 ശതമാനമായി ഉയർത്തുക.
കാക്കനാട് സ്മാർട്ട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കുമുള്ള രണ്ടാംഘട്ട പാതയുടെ സർവീസുകൾ ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും പ്രവർത്തന ലാഭത്തിലും കൂടുതൽ വർധനവുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി