thiruvalla-park

TOPICS COVERED

തിരുവല്ല നഗരസഭയിലെ കുട്ടികളുടെ പാർക്ക് സ്വകാര്യ വ്യക്തിക്ക് 20 വർഷത്തേക്ക് കരാർ നൽകിയത് റദാക്കില്ല. കരാറിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കൗൺസിലിൽ യോഗത്തിൽ അജന്‍ഡയായി വിഷയം ഉന്നയിച്ചത്. പാർക്കിൽ നഗരസഭ സെക്രട്ടറി കണ്ടെത്തിയ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ കൗൺസിലിൽ യോഗം തീരുമാനിച്ചു. 

 

തിരുവല്ല നഗരസഭയുടെ കുട്ടികളുടെ പാർക്ക് നടത്തിപ്പ് തുച്ഛമായ മാസ വാടകക്ക് കോണ്ഗ്രസ് നേതാവിന് കരാർ നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യം അഞ്ച് വർഷത്തേക്ക് നൽകിയ കരാർ 2020 ൽ 20 വർഷത്തേക്ക് നീട്ടി നൽകുകയായിരുന്നു. ഇതിൽ അഴിമതി ഉണ്ടെന്നും അനധികൃത നിർമ്മാണം ഉൾപ്പടെ പാർക്കിൽ നടന്നിട്ടുണ്ടെന്നും കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിലിൽ അജണ്ടയായി വിഷയം ഉന്നയിച്ചു.  

 

കരാർ ലംഘനം ഉണ്ടായിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറിയും കൗൺസിൽ യോഗത്തിൽ സമ്മതിച്ചു. എന്നാൽ കരാർ റദ്ദാക്കാൻ ആകില്ലെന്നും അനധികൃത നിർമ്മാണം പൊളിച്ചു നീക്കുമെന്നും പറഞ്ഞ ചെയർപേഴ്സൺ കൗൺസിൽ യോഗം അവസാനിപ്പിച്ചു. 

 

ഇതോടെ കൗൺസിൽ ഹാളിൽ ബഹളമായി. ഹാളിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച ചെയർപേഴ്സനെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ തടഞ്ഞതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തി.

 

ഭരണപക്ഷത്തെ മുഴുവൻ കൗൺസിലർമാരും യോഗത്തിൽ എത്താത്തതിനാൽ ഇടതുപക്ഷത്തിനൊപ്പം ബിജെപിയുടെ വിയോജനക്കുറിപ്പ് കൂടി ആയാൽ അജണ്ട പാസാകില്ല. വിയോജനക്കുറിപ്പ് നൽകുന്ന കാര്യം പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ബിജെപി കൗൺസിലർ രാധാകൃഷ്ണൻ വ്യക്തമാക്കി. 

 

ENGLISH SUMMARY:

Thiruvalla Municipality Children's Park faces a corruption allegation as the opposition claims the 20-year contract was given to a private individual for a meager rent. The council has decided to demolish illegal constructions within the park, but the chairperson refused to cancel the contract, leading to a scuffle.