കാസർകോട് നഗരസഭയ്ക്ക് കീഴിലെ ശാന്തി കവാടം വാതക ശ്മശാനം അടച്ചിട്ടിട്ട് വർഷങ്ങളായി. ശ്മശാനം അടച്ചതോടെ ശവസംസ്കാരത്തിന് കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയിലാണ് നഗരവാസികൾ. കോടികൾ മുടക്കി നിർമ്മിച്ച ശ്മശാനം നവീകരിക്കാൻ പോലും നഗരസഭ തയ്യാറാവുന്നില്ല.
വിഎസ് സർക്കാരിന്‍റെ കാലത്ത് രണ്ടു കോടി രൂപ ചെലവിലാണ് നഗര ഹൃദയത്തിൽ വാതക ശ്മശാനം പണിയുന്നത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലെ ജനങ്ങൾക്കും ഉപകാരപ്രദമാകും വിധമായിരുന്നു ആദ്യഘട്ടത്തിലെ പ്രവർത്തനം. എന്നാൽ നുള്ളിപ്പാടി ചെന്നിക്കരയിൽ പണിത ശ്മശാനം പിന്നീട് ഓർമ്മ മാത്രമായി. വാതക ശ്മശാനത്തിൽ അറ്റകുറ്റപ്പണികൾ നടത്താതായതോടെ ഉപകരണങ്ങൾ പൂർണ്ണമായും നശിച്ചു. ജനറേറ്റർ തകരാറിലായതിന് പിന്നാലെ പുക കുഴലിന് അനുബന്ധമായ ബോയിലറും കേടായി. നിലവിൽ ആരെങ്കിലും മരിച്ചാൽ ശവസംസ്കാരത്തിന് കിലോമീറ്ററുകൾ സഞ്ചരിക്കണം.
വിറക് ഉപയോഗിച്ച് ശവസംസ്കാരം നടത്തുന്ന പഴയ ശ്മശാനത്തിന് മേൽക്കൂര ഇല്ലാത്ത അവസ്ഥ. മഴ തോരും വരെ സംസ്കാരം നടത്താതെ മൃതദേഹങ്ങൾ എവിടെ സൂക്ഷിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. കോടികൾ ചെലവഴിച്ച് നിർമ്മിച്ച വാതക ശ്മശാനം അറ്റകുറ്റപ്പണികൾ നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം.