നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്ത കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിന്‍റെ നിർമാണത്തിൽ അപാകത. സീലിങ് അടർന്നു വീഴുന്നതായും ചില ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും മെഡിക്കൽ കോളജ് അതികൃതർ കണ്ടെത്തി. കുറ്റകരമായ അനാസ്ഥയാണെന്നും ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു
കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 257 കോടി രൂപ ചെലവിട്ടു നിർമിച്ചതാണ് പുതിയ സർജിക്കൽ ബ്‌ളോക്ക്. ഇപ്പോൾ ഈ കെട്ടിടം അത്ര പോരെന്നാണ്
മെഡിക്കൽ കോളജ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിലേക്ക് വെള്ളം എത്തിക്കുന്ന മോട്ടറുകൾ പലവട്ടം തകരാറിലായി.പൈപ്പുകൾക്കു കേടുപാടുകൾ ഉണ്ട്. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്നു. ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല.
ഇതെല്ലാം പരിഹരിക്കാതെ കെട്ടിടം സർക്കാര്‍ ഏറ്റെടുക്കില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ കമ്പനിയായ 'ഹൈറ്റ്സിന്' കത്തുനൽകി. കുറ്റകരമായ അനാസ്ഥയാണെന്നും ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച് പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം, മെഡിക്കൽ കോളജ് ഉദ്യോഗസ്ഥർ, നിർമാണക്കമ്പനിയുടെ പ്രതിനിധി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.