പത്തനംതിട്ട കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പനെ കാണാതായിട്ട് 20 ദിവസം കഴിഞ്ഞു. തിരച്ചിൽ ഇതുവരെയും എങ്ങും എത്തിയില്ല. 2023 ൽ ഒത്തുതീർപ്പാക്കിയ കേസിൽ കോടതിയിൽ നിന്ന് സമൻസ് വന്നതോടെയാണ് പേടിച്ച് ഊരുമൂപ്പൻ മോഹൻദാസ് വനത്തിലേക്ക് പോയത്. പൊലീസ് സ്റ്റേഷന് മുന്നിൽ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് കുടുംബം.
കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ മലമ്പണ്ടാര വിഭാഗത്തിന്‍റെ മൂപ്പനാണ് 70 വയസുകാരൻ മോഹൻദാസ്. വലിയ വനമേഖലയായിട്ടും കാടിന്‍റെ ഉള്ളിലേക്ക് കയറി പരിശോധന നടത്താൻ വനം വകുപ്പോ പൊലീസോ തയാറാകുന്നില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന പരാതി. നിലവിൽ കാട്ടിലൂടെയുള്ള സാധാരണ വഴികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ഒരു ദിവസം കടാവർ നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും പ്രഹസനം എന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ് ഒരാഴ്ച മുൻപ് നടന്ന തിരച്ചിലിന് ശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. എസ്ഐ ലീവാണെന്നാണ് മറുപടി.
2023-ൽ അയൽവാസികൾ തമ്മിലുണ്ടായ ഒരു തർക്കത്തിൽ മധ്യസ്ഥത വഹിച്ച ഊരുമൂപ്പൻ മോഹൻദാസിനെതിരെ ഉയർന്ന പരാതി അന്ന് കോന്നി പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ അന്ന് പൊലീസുകാർ കൈക്കൂലി വാങ്ങിയതായും കേസ് അവസാനിച്ചുവെന്ന് തങ്ങളെ വിശ്വസിപ്പിച്ചതായും കുടുംബം ആരോപിക്കുന്നു.
എന്നാൽ കേസ് തീർപ്പാക്കാതെ പൊലീസുകാർ തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. അടുത്തിടെ കോടതിയിൽ നിന്ന് സമൻസ് വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരവും തനിക്കെതിരെ കേസ് ചാർജ് ചെയ്ത വിവരവും മൂപ്പൻ അറിയുന്നത്. ഇതേത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്തിലാണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. കാട്ടിലെ എല്ലാ പ്രദേശങ്ങളെക്കുറിച്ചും അറിയാവുന്ന ആളാണ് മൂപ്പൻ എന്നത് മാത്രമാണ് പ്രതീക്ഷ.