കോട്ടയം വൈക്കം വെസ്റ്റ് മടിയത്ര ഗവണ്‍മെന്‍റ് സ്കൂളിലെ സ്റ്റേഡിയം നിര്‍മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ. അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരിലാണ് കഴിഞ്ഞ വര്‍ഷം മന്ത്രി നിര്‍മാണോദ്ഘാടനം ചെയ്ത പദ്ധതി തടഞ്ഞത് . തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്‍റെ പത്നി വിഎന്‍ ജാനകി സ്കൂളിന് നല്‍കിയ ഭൂമിയിലാണ് സ്റ്റേഡിയം നിര്‍മാണം.
നഗരസഭയുടെ കീഴിലുള്ള സർക്കാർ സ്കൂളാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്റ്റേഡിയം നിര്‍മാണത്തിന് രണ്ടു കോടി രൂപ അനുവദിക്കുകയും കഴിഞ്ഞ ഒാഗസ്റ്റില്‍ കായികമന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത പദ്ധതിയാണ്. ടെന്‍ഡര്‍ പൂര്‍ത്തിയാക്കി കരാറുകാരന്‍ നിര്‍മാണം തുടങ്ങിയപ്പോഴാണ് നഗരസഭ നിര്‍മാണം തടഞ്ഞത്. സ്റ്റേഡിയം നിർമിക്കുന്നതിൽ നാട്ടുകാരില്‍ ചിലര്‍ക്ക് വഴിയുമായി ബന്ധപ്പെട്ട് പരാതി ഉണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. പ്രദേശത്തൊന്നും മൈതാനങ്ങള്‍ ഇല്ലാതിരിക്കെ സ്കൂളിന് ലഭിച്ച പദ്ധതി അട്ടിമറിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
125 വര്‍ഷം പഴക്കമുളള സ്കൂളാണ്. തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന എംജിആറിന്റെ പത്നി വിഎന്‍ ജാനകി സ്കൂളിന് കൈമാറിയ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മാണം. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പദ്ധതി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി ഇല്ലാതാക്കുകയാണെന്നും ആരോപണമുണ്ട്.