"തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ..." ഉൾപ്പെടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ എഴുനൂറിലധികം ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവും പ്രമുഖ ധ്യാനഗുരുവുമായ ഫാദർ മൈക്കിൾ പനച്ചിക്കൽ (77) കോട്ടയത്ത് അന്തരിച്ചു. കത്തോലിക്കാ സഭയിലെ പ്രമുഖ സന്യാസ സമൂഹമായ വിൻസെൻഷ്യൻ സഭാംഗമാണ്. കാൻസർ ബാധിതനായി കോട്ടയം അടിച്ചിറ പ്രിസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സംസ്കാര ചടങ്ങുകൾ വരുന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ വെച്ച് നടക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട വൈദിക ജീവിതത്തിലൂടെ വചനപ്രഘോഷകൻ, എഴുത്തുകാരൻ, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
പാട്ടിലൂടെയും വചനപ്രഘോഷണങ്ങളിലൂടെയും ലോകമെങ്ങുമുള്ള മലയാളികളുടെ ആത്മീയ ജീവിതത്തെ സ്പർശിച്ച ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്: ‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...’, ‘ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം,’ ‘പിതാവേ അനന്ത നന്മയായ്,’ ‘തന്നാലൂം നാഥാ ആത്മാവിനെ,’ ‘തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍’ തുടങ്ങിയവ അതിൽ ചിലത് മാത്രം.
1974-ൽ വൈദികനായ ശേഷം പോപ്പുലർ മിഷൻ ധ്യാനങ്ങളുടെ ചുമതലയിലേക്കു വന്നതോടെയാണ് അദ്ദേഹം പാട്ടിന്റെ വഴി സ്വീകരിക്കുന്നത്. ധ്യാനവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററിക്കായി എഴുതി ഡോ. കെ.ജെ യേശുദാസ് ആലപിച്ച "നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ, സ്വര്‍ഗം തുറക്കുന്ന നിമിഷങ്ങളെ’ എന്ന ഗാനമായിരുന്നു ആദ്യ രചന.
1993-ൽ പുറത്തിറങ്ങിയ ‘തിരുനാമകീർത്തനം’ എന്ന വിഖ്യാത ഗാനത്തിന് കെ.സി.ബി.സി (KCBC) അവാർഡും ലഭിക്കുകയുണ്ടായി. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളം സന്ദർശിച്ചപ്പോൾ പേപ്പൽ ഗ്രൗണ്ടിൽ മുഴങ്ങിയ ‘വീവാ ഇൽ പാപ്പാ-ഇരു മിഴി ദീപവും’ എന്ന ഗാനം രചിച്ചതും ഫാ. മൈക്കിളായിരുന്നു.
പുതിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ള തീക്ഷ്ണമായ വചനപ്രഘോഷണ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ദൈവം ശിക്ഷിക്കുന്നവനല്ല, മറിച്ച് സ്നേഹത്തിലൂടെ ലോകത്തെ രക്ഷിക്കുന്നവനാണ് എന്ന സന്ദേശവുമായി ആയിരത്തിലധികം ധ്യാനവേദികളിൽ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു.
1990-ൽ അദ്ദേഹം ആരംഭിച്ച ‘ലോഗോസ് ധ്യാനം’ ലോകമെമ്പാടുമുള്ള അനേകം വിശ്വാസികൾക്ക് ആത്മീയ വഴികാട്ടിയായി മാറി. എൺപതുകളിൽ കത്തോലിക്കാ ഭവനങ്ങൾ കീഴടക്കിയ ‘വചനോത്സവം’ മാസികയുടെ ഫൗണ്ടർ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ ജീവിതമാണ് ഫാ. മൈക്കിളിൽ ദൈവവിളിയുടെ വിത്തുപാകിയത്. 1965 ജൂണിൽ അങ്കമാലിയിലെ വിൻസെൻഷ്യൽ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. ആലുവ കർമലഗിരിയിലും മംഗലപ്പുഴയിലുമായി തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. 1974 ഡിസംബർ 19-ന് അങ്കമാലിയിൽ വെച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കഴിഞ്ഞവർഷം വട്ടപ്പാറ ആശ്രമത്തിൽ അംഗമായിരിക്കെയാണ് അദ്ദേഹത്തിന് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് ചികിത്സയിലും പ്രാർത്ഥനയിലുമായി കഴിഞ്ഞിരുന്ന അടിച്ചിറയിലെ പ്രിസ്റ്റ് ഹോമിൽ വെച്ചായിരുന്നു അന്ത്യം.