കോട്ടയത്ത് യുവാവിൻ്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് പരാതി. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത്. കുമളി സ്വദേശികളായ മൂന്നുപേർ ഉൾപ്പെടെ ആറു പേർ ചികിൽസയിലാണ്. കള്ളുഷാപ്പിൽ നിന്ന് മീൻ തലക്കറിയും കള്ളും കഴിച്ചെന്നാണ് ചികിത്സയിലുള്ളവരുടെ മൊഴി.
കുമരകം ചൂളഭാഗം സ്വദേശി നാൽപതു വയസുള്ള ജ്യോതിഷ് ആണ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന ആറു പേർ ചികിത്സയിലാണ്. കുമളി സ്വദേശികളായ മൂന്നു യുവാക്കൾ കുമരകത്തുള്ള നാല് സുഹൃത്തുക്കളുമായി ശനിയാഴ്ച ഉച്ചയ്ക്കുശേഷം പരിപ്പ് തൊള്ളായിരം ചിറയിലെ കള്ളുഷാപ്പിൽ നിന്ന് മീൻ തലക്കറിയും കള്ളും കഴിച്ചിരുന്നു. ഇതിനുശേഷമാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതേ ഷാപ്പിൽ നിന്ന് കഴിച്ച പ്രദേശത്തെ മറ്റു മൂന്നുപേർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെങ്കിലും ആരും ആശുപത്രിയിൽ പോയിട്ടില്ല. ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസും കള്ള് ഷാപ്പിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.