rain

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് താല്‍കാലിക ആശ്വാസം. കോട്ടയം ജില്ലയിൽ മഴ ശമിച്ചെങ്കിലും മഴക്കെടുതി തുടരുകയാണ്. അപ്പർ കുട്ടനാട് മേഖലയിൽ വീടുകളിലെ വെള്ളക്കെട്ട് ഭീതി ഒഴിയുന്നു. ഇടുക്കിയിലും വീടുകളില്‍നിന്ന് വെള്ളമിറങ്ങുന്നു. ഇന്നും പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം വീടുകൾ താമസയോഗ്യമായിട്ടില്ല.  ജില്ലയിൽ 129 ദുരിതാശ്വാസ ക്യാംപുകളിലായി പന്ത്രണ്ടായിരം പേരാണ് കഴിയുന്നത്. മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാൽ, പടിഞ്ഞാറൻ മേഖലയിൽ കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും, ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും ഇന്ന് രാത്രി വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

അപ്പർ കുട്ടനാട് മേഖലയിൽ ജല നിരപ്പ് താഴ്ന്നതോടെ വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി. ഇന്നലെ രാത്രിയിൽ ഇടവിട്ട് മഴ പെയ്തെങ്കിലും പകൽ സമയങ്ങളിൽ മഴ മാറി നിൽക്കുന്നത് ആശ്വാസമാണ്. ഇഴ ജന്തുക്കളുടെ ശല്യമാണ് വീടുകൾ വൃത്തിയാക്കുമ്പോൾ ആളുകളെ ഭീതിപ്പെടുത്തുന്നത്.

ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും നവീകരണം നടക്കുന്ന NH 85 ൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇന്നലെ വീടുകളില്‍ വെള്ളം കയറിയ ചാറ്റുപാറയില്‍നിന്ന് വെള്ളമിറങ്ങി. നിലവിൽ ക്യാംപില്‍ രണ്ട് കുടുംബങ്ങളുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളിലും ഇടത്തരം മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡീഷക്ക് മുകളില്‍ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതാണ് മഴ ശക്തമാകാന്‍ കാരണം. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര്‍വരെ വേഗതമുള്ള കാറ്റിനും സാധ്യതയുണ്ട്. 

ENGLISH SUMMARY:

Kerala rain relief is being experienced as heavy rainfall temporarily subsides in some parts of the state, with floodwaters receding in areas like Upper Kuttanad and Idukki. While relief is felt, flood-affected regions in Kottayam still face challenges, and warnings for continued rain and strong winds remain in place.