ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും. നാലു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളിലും ഇടത്തരം മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡീഷക്ക് മുകളില്‍ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതാണ് മഴ ശക്തമാകാന്‍ കാരണം. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര്‍വരെ വേഗതമുള്ള കാറ്റിനും സാധ്യതയുണ്ട്.

കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴക്കെടുതിയെ തുടർന്നുള്ള ദുരിതം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം വീടുകൾ താമസ യോഗ്യമായിട്ടില്ല.  ജില്ലയിൽ 129 ദുരിതാശ്വാസ ക്യാംപുകളിലായി പന്ത്രണ്ടായിരം പേരാണ് കഴിയുന്നത്. മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാൽ പടിഞ്ഞാറൻ മേഖലയിൽ കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും, ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും ഇന്ന് രാത്രി വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

ഇടുക്കിയിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അടിമാലിയിൽ ചാറ്റൽ മഴ മാത്രമാണുള്ളത്. നിലവിൽ ക്യാമ്പിൽ ഉള്ളത് രണ്ട് കുടുംബങ്ങളാണ്. ഇന്നലെ ചാറ്റുപാറയിൽ വീടുകളിൽ കയറിയ വെള്ളം ഇറങ്ങി. അതേസമയം, നവീകരണം നടക്കുന്ന NH 85 ൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രിയിലെ ശക്തമായ മഴ രാവിലെ കുറഞ്ഞിട്ടുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ രാവിലെയും തുടരുകയാണ്. കരമന, നെയ്യാർ തുടങ്ങിയ നദികളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മുതലപ്പൊഴി, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നും കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലും രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Kerala continues to receive widespread rainfall, prompting the meteorological department to issue a yellow alert for four northern districts. The intensification of rain is driven by a depression currently stationed over northern Odisha in the Bay of Bengal. Meanwhile, Kottayam district is grappling with severe waterlogging in low-lying areas despite a slight decrease in rainfall. Authorities have also enforced strict travel bans and restricted access to major tourist destinations and hill routes due to ongoing safety hazards.