കോട്ടയം കറുകച്ചാലിന് സമീപമുള്ള പത്തനാട് കുളത്തൂർമൂഴി റോഡ് നവീകരണത്തിൽ പരാതിയുമായി നാട്ടുകാർ. കലുങ്കുകൾ മണ്ണിട്ട് മൂടിയും ഓടകൾ നിർമിക്കാതെയും റോഡ് നിർമാണം നടത്തുന്നതായാണ് പരാതി. പൊടിശല്യം രൂക്ഷമായതോടെ ദുരിതം ഇരട്ടിയായി.
മണിമല കറുകച്ചാൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പത്തനാട് കുളത്തൂർമൂഴി റോഡ് കഴിഞ്ഞ അഞ്ചുവർഷമായി തകർന്നു കിടക്കുന്നതാണ്. അടുത്തിടെ BMBC നിലവാരത്തിൽ ടാർ ചെയ്യാൻ തുടങ്ങിയെങ്കിലും നിർമാണത്തിൽ വ്യാപക പരാതിയാണ്. റോഡിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാൽ പതിമൂന്നു കലുങ്കുകൾ നേരത്തെ ഉണ്ടായിരുന്നു. റോഡിന്റെ പുനർ നിർമാണം തുടങ്ങിയതോടെ കലുങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങി. മറ്റു കലുങ്കകൾ മണ്ണിട്ട് മൂടിയെന്നാണ് പരാതി. റോഡിന് ഓടകൾ നിർമിക്കുന്നില്ല, മഴക്കാലത്ത്റോഡിൽ വെള്ളക്കെട്ട് ഉണ്ടായി റോഡ് തകരുമെന്ന് നാട്ടുകാർ പറയുന്നു.
പൊടിശല്യം രൂക്ഷമാണ്. റോഡു വശത്തെ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ പറ്റുന്നില്ല. പിഴവുകൾ പരിശോധിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തയ്യാറാകണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.