കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തട്ടകമായ കോട്ടയം വൈക്കത്ത് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു. തലയാഴം, ടിവി പുരം മേഖലകളിലാണ് സിപിഐയ്ക്കുള്ളിൽ അതൃപ്തി പുകയുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ നാടായ വൈക്കത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപേ തുടങ്ങിയ കലഹമാണ് പൊട്ടിത്തെറിയിൽ എത്തിയത്. സിപിഐ പ്രാദേശിക ജില്ലാ നേതാക്കൾക്കെതിരെയാണ് ആരോപണം. തലയാഴത്ത് സിപിഐ വിട്ട് ബിജെപിയിൽ ചേർന്നവരിൽ ഭാരവാഹികളും മുൻ ഭാരവാഹികളും ഉൾപ്പെടുന്നു. CPI തലയാഴം മണ്ഡലം കമ്മറ്റിയിലെ വനിത അംഗമായ പി.ആർ. രജനിയും ആദ്യകാല CPI കുടുംബങ്ങളിലെ അംഗങ്ങളും പാർട്ടിവിട്ടു. ഉല്ലല സഹകരണബാങ്കിലെ അഴിമതി ആരോപണം, ഒരു ജില്ലാ എക്സിക്യൂട്ടീവ് അംഗത്തിൻ്റെ മകൾക്ക് ജോലി നൽകിയത് ഇതെല്ലാം ഭിന്നതയ്ക്ക് കാരണമായി. മുൻ ജില്ലാ കമ്മിറ്റി അംഗമായ പി.എക്സ്. ബാബു, മകൻ കാസ്ട്രോ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പി.വി. സോനിഷ് ഉൾപ്പെടെയുള്ള വരും സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു.
ടിവി പുരത്തെ ഒരു വിഭാഗം പ്രവർത്തകർ സിപിഎമ്മിലേക്ക് പോകാനാണ് നീക്കം. ആദ്യകാല എംഎൽഎ എം.കെ കേശവൻ്റെ മകനും മുൻ എംഎൽഎയുമായ കെ.അജിത്തിനെ പാർട്ടി ജില്ലാ എക്സിക്യൂട്ടിവിൽ നിന്ന് ഒഴിവാക്കിയതിലും അണികൾക്ക് അതൃപ്തിയുണ്ട്. അതേസമയം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയ മൂന്നു പേർ മാത്രമാണ് തലയാഴത്ത് പാർട്ടി വിട്ടതെന്നും നൂറോളം പാർട്ടി കുടുംബങ്ങൾ പോയെന്ന പ്രചരണം തെറ്റാണെന്നും സിപിഐ വൈക്കം മണ്ഡലം കമ്മറ്റി സെക്രട്ടറി എം.ഡി.ബാബുരാജിൻ്റെ വിശദീകരണം.