NAATTUSOOTHRAM-HD

TOPICS COVERED

മഴ കനത്താല്‍ ആശങ്കയിലാകുന്ന മലയോരമേഖലയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ആളുകളെ കാലാവസ്ഥാ വ്യതിയാനം പഠിപ്പിച്ച് സാക്ഷരരാക്കിയിരിക്കുകയാണ് കോട്ടയം പൂഞ്ഞാറിലെ മീനച്ചില്‍ നദീസംരക്ഷണ സമിതി. വാഗമണ്‍ മുതല്‍ കുമരകം വരെയുളള പ്രദേശത്തെ കുട്ടികള്‍ ഉള്‍പ്പെടെയുളള 250 വൊളന്‍റിയര്‍മാരാണ് നാടിന് സംരക്ഷകരാകുന്നത്. 

മഴമേഘങ്ങള്‍ കൂടാരമടിച്ചാല്‍ കോട്ടയത്തിന്‍റെ മലയോരമേഖലയ്ക്ക് പേടിയാകും. കിഴക്ക് ഉരുള്‍പൊട്ടിയോ, മണ്ണിടിച്ചിലുണ്ടായോ. മീനച്ചിലാറ്റില്‍ വെളളം പൊങ്ങുമോയെന്നൊക്കെ ആശങ്കപ്പെടുന്നവരേറെയാണ്. വാഗമണ്‍ മുതല്‍ കുമരകം വരെയുളളവരെ മഴക്കെടുതിയില്‍ നിന്ന് രക്ഷിക്കാനും ജാഗ്രതാ നിര്‍ദേശം നല്‍കാനും കഴി‍ഞ്ഞ ആറു വര്‍ഷത്തിലധികമായി നിശബ്ദസേവനം നടത്തുകയാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ മീനച്ചില്‍ നദീ മഴ നിരീക്ഷണ ശൃംഖല. 2018 ലെ വെളളപ്പൊക്ക സമയത്ത് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തുടങ്ങിയതാണ്. ഇപ്പോള്‍ നാടൊന്നാകെയുളള പങ്കാളിത്തം. പെയ്യുന്ന മഴയുടെ അളവ് എല്ലാ ദിവസവും തിട്ടപ്പെടുത്താന്‍ എല്ലാവരും പഠിച്ചു കഴിഞ്ഞു. വിദ്യാര്‍‌ഥികള്‍ മുതല്‍ പ്രായമുളളവര്‍ വരെ 250 പേരുളള വൊളന്‍റിയര്‍ ഗ്രൂപ്പാണുളളത്. 

ജില്ലയിലെ പ്രധാന പുഴകളിലും തോടുകളിലുമെല്ലാം സ്കെയിലുകള്‍ സ്ഥാപിച്ചു. അടുത്തിടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മീനച്ചില്‍ നദീതടത്തില്‍ ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചതും വലിയ പിന്തുണയാണ്. മഴ പെയ്യുന്നതിന്‍റെയും മഴ മണ്ണിലിറങ്ങുന്നതിന്‍റെയും തീവ്രത മനസിലാക്കി വിവരങ്ങള്‍ ഏകോപിപ്പിച്ച് യഥാസമയം റവന്യൂ, കാലാവസ്ഥ, ദുരന്തനിവാരണഅതോറിറ്റി വകുപ്പുകളെ അറിയിക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ മഴമാപിനി വാങ്ങാന്‍ പണം അനുവദിച്ചു തുടങ്ങിയത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുളള സ്വീകാര്യതയ്ക്ക് തെളിവാണ്. 

ENGLISH SUMMARY:

Meenachil River protection volunteers are educating the public about climate change and flood preparedness in the Kottayam region. This initiative by the Meenachil River Protection Committee has empowered 250 volunteers to monitor rainfall and alert authorities about potential flood risks.