വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരുമായുള്ള ഭിന്നത തുടരുന്നതിനിടെ എംജി സർവകലാശാലയിലും ഗവർണറുടെ തിരുത്തൽ. എംജി സർവകലാശാല സിൻഡിക്കറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത മൂന്നു പ്രഫസ്സർമാരുടെ പേരുകളിൽ രണ്ടെണ്ണം ഗവർണർ വെട്ടി. സ്വന്തം പാനലിൽ നിന്നുള്ളവരെയാണ് ഗവർണർ നിയമിച്ചത്.
എംജി സർവകലാശാല സിൻഡിക്കറ്റിൽ മൂന്നുപേരുടെ ഒഴിവുണ്ടായിരുന്നു. ഇതിലേക്ക് മൂന്നു പ്രഫസ്സർമാരുടെ പേരുകൾ സർവകലാശാല ശുപാർശ ചെയ്തു. ഇതിൽ രണ്ടുപേരുകളാണ് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കർ വെട്ടിയത്. പകരം സ്വന്തം പാനലിൽ നിന്നുള്ളവരെ ഗവർണർ നിയമിച്ചു. സർവകലാശാല ക്യാംപസിലെ പ്രഫസർമാരായ ഡോ.കെ.ജയചന്ദ്രൻ, ഡോ.പി.പി.നൗഷാദ്, സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ ഡോ.റോബിനെറ്റ് ജേക്കബ് എന്നിവരെയാണ് സർവകലാശാല ശുപാർശ ചെയ്തത്. ഇതിൽ ഡോ.റോബിനെറ്റ് ജേക്കബിനെ മാത്രം നിലനിർത്തി. കേരള സർവകലാശാലയിലെ കൊമേഴ്സ് ഡീനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗം മേധാവിയുമായ ഡോ.വസന്ത ഗോപാൽ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡീൻ ഡോ.പ്രമോദ് ഗോപിനാഥ് എന്നിവരെയാണ് ഗവർണർ ഉൾപ്പെടുത്തിയത്. എംജി സർവകലാശാല ക്യാംപസിലുള്ളവരെ മാത്രം നിയമിക്കുന്നതാണ് രീതിയെന്ന് സർവകലാശാല കത്തിലൂടെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.