TOPICS COVERED

കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല, ഒന്നിച്ച് പോകേണ്ടവരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ ഐക്യ ആഹ്വാനം. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. ജില്ല ആസ്ഥാനങ്ങളില്‍  മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു റിപ്ലബ്ലിക് ദിനാഘോഷം. നിയമസഭയില്‍ സ്പീക്കറും കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് വൈസ് അഡ്മിറല്‍ സമീര്‍ സക്സേനയും പതാക ഉയര്‍ത്തി. 

നയപ്രഖ്യാപനത്തിലെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പോകണമെന്ന് ഗവര്‍ണര്‍ അഹ്വാനം ചെയ്തത്.  സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. കര, നാവികസേനകള്‍ ഉള്‍പ്പെടേ വിവിധ സായുധ സേനകളും സായുധേതര ഘടകങ്ങളും പങ്കെടുത്ത പരേഡില്‍ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു. വിദ്യാര്‍ത്ഥികളുടെ സാംസ്കാരിക പരിപാടികളും കഴിഞ്ഞാണ് ഗവര്‍ണറും മുഖ്യമന്ത്രിയും മടങ്ങിയത്. 

എറണാകളത്ത് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ആഘോഷത്തില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് വിക്രം മൈതാനിയില്‍ നടന്ന ച‍ടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് ദേശീയ പതാക ഉയര്‍ത്തി. പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ളിക് ദിന സന്ദേശവും മന്ത്രി നല്‍കി. കൊല്ലത്ത് മന്ത്രി കെ.ബി ഗണേഷ് കുമാര്‍, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, കോട്ടയത്ത് വി.എന്‍ വാസവന്‍, ആലപ്പുഴയില്‍ പി പ്രസാദ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, തൃശൂരില്‍ കെ രാജന്‍, പാലക്കാട് കെ കൃഷ്ണന്‍ കുട്ടി, മലപ്പുറത്ത് വി അബ്ദുറഹ്മാന്‍, വയനാട്ടില്‍ ഒ.ആര്‍ കേളു, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, കാസര്‍കോഡ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.  നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാക ഉയര്‍ത്തി. കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് വൈസ് അഡ്മിറല്‍ സമീര്‍ സക്സേന വിശിഷ്ഠാതിഥിയായി. കമാന്‍ഡര്‍ ദീപക് സുഹാഗ് പരേഡിന് നേതൃത്വം നല്‍കി. 

ENGLISH SUMMARY:

Kerala Republic Day celebrations focused on unity. The governor emphasized the importance of the central and state governments working together during the Republic Day event.