ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാനുള്ള കാരണം ശരിയായ സമയത്ത് പുറത്തുപറയുമെന്ന് സി.വി. ആനന്ദബോസ്. അതുവരെ രഹസ്യമായിരിക്കും. ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി രാജി  ചോദിച്ചുവാങ്ങിയെന്ന അഭ്യൂഹങ്ങളും ഗവര്‍ണര്‍ തള്ളി. കൊല്‍ക്കത്തയില്‍ നിന്നാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. തീരുമാനമെടുക്കാന്‍ അവസരം തന്നു. ഇതാണ് രാജിക്കുള്ള ശരിയായ സമയമെന്ന് കരുതുന്നു. ബോധപൂര്‍വമായി എടുത്ത തീരുമാനമാണ്. ബംഗാളിലെ വോട്ടര്‍ എന്ന നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തും. രാഷ്ട്രപതിയുടെ ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായതില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആനന്ദബോസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയ ശേഷമായിരുന്നു പ്രതികരണം

 

മൂന്നരവർഷം പദവി വഹിച്ച ശേഷമായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ച് ആനന്ദബോസ് രാജിവച്ചത്. രാജി ഞെട്ടിച്ചെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചത്. 

രാജിയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്രത്തിൽ നിന്ന് ഗവർണർ സമ്മർദം നേരിട്ടുണ്ടെങ്കിൽ തനിക്ക് അത്ഭുതമില്ലെന്നും മമത എക്സിൽ കുറിച്ചു. ആർ.എൻ.രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയതായും ഇതുസംബന്ധിച്ച് താനുമായി  ഒരു ആലോചനയും നടന്നിട്ടില്ലന്നും മമത എക്സിൽ കുറിച്ചു.

 

തിടുക്കത്തിൽ ബോസിന്റെ മടക്കം

 

പല ഗവർണർമാർക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനചലനമുണ്ടായെങ്കിലും ഡോ.സി.വി. ആനന്ദബോസിന്റെ രാജിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാലാവധി തികയ്ക്കാൻ ആനന്ദബോസിനെ അനുവദിച്ചില്ലെന്നതു മാത്രമല്ല, രാഷ്ട്രപതി ദ്രൗപദി മുർമു ബംഗാൾ സന്ദർശിക്കാനിരിക്കെ ഗവർണറെ രാജിവയ്പിച്ചുവെന്നതും അതിനു കാരണമായി. ഡൽഹിയിലെത്തിയ ആനന്ദബോസിനോടു രാജിവയ്ക്കാൻ ആഭ്യന്തരമന്ത്രി നിർദേശിക്കുകയായിരുന്നു എന്നാണ് സൂചന. താൻ മൂന്നരവർഷം ഗവർണറായിരുന്നെന്നും അതു മതിയെന്നുമാണ് ആനന്ദബോസ് പ്രതികരിച്ചത്. എന്നാൽ, അതു മതിയെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നാണ് വ്യക്തമായിരിക്കുന്നത്.

 

Also read: മമതയോട് മൃദുസമീപനം; ആനന്ദബോസിന്‍റെ സ്ഥാനം തെറിപ്പിച്ചത് ബിജെപിയുടെ അതൃപ്തി


തമിഴ്നാട്ടിൽ സർക്കാരുമായി ഉരസി ധാരാളം വിവാദങ്ങൾ സൃഷ്ടിച്ച ഗവർണർ ആർ.എൻ.രവിയെ ബംഗാളിലേക്കു വിടുന്നുവെന്നതും ശ്രദ്ധേയം. 2019 ൽ നാഗാലാൻഡിൽ ഗവർണറായി നിയമിക്കപ്പെട്ട രവി 2021 സെപ്റ്റംബറിലാണ് തമിഴ്നാട് ലോക്ഭവനിലേക്കു മാറിയത്. ബംഗാളിനൊപ്പം തിരഞ്ഞെടുപ്പുള്ള തമിഴ്നാട്ടിൽ 5 വർഷം തികയ്ക്കും മുൻപേയാണ് രവിയുടെ സ്ഥലംമാറ്റം. ബംഗാളിൽ കരുത്തനായ ഗവർണർ വേണമെന്നതാണ് രവിയെ നിയമിക്കാൻ കാരണമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗവർണറായിരിക്കെ ചില വിവാദങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി മമത ബാനർജിയുമായി നല്ല ബന്ധം സൂക്ഷിക്കുന്നുവെന്നത് ആനന്ദബോസിനെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉടനെയുണ്ടാവുമെന്നതുകൂടി കണക്കിലെടുത്താണ് തിടുക്കത്തിലുള്ള നടപടി. 

 

ആനന്ദബോസിനു മുൻപ് ബംഗാൾ ഗവർണറായിരിക്കെയാണ് ജഗ്ദീപ് ധൻകറിനെ ഉപരാഷ്ട്രപതിയാക്കിയത്. ഗവർണറായി കാലാവധി തികയ്ക്കാതിരുന്ന ധൻകർ ഉപരാഷ്ട്രപതിയായും കാലാവധി തികച്ചില്ല. രാഷ്ട്രപതിയുടെ ബംഗാൾ സന്ദർശനത്തിനു മണിക്കൂറുകൾ മുൻപ്, ‘രാഷ്ട്രപതിയുടെ പ്രതിനിധി’യെ മാറ്റുന്നെങ്കിൽ തക്കതായ കാരണങ്ങളുണ്ടാകാമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 2010ൽ ബി.പി.സിംഗാൾ കേസിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ഗവർണർ നിയമനം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിച്ചിട്ടുണ്ട്. അതനുസരിച്ച്, കാരണം പറയാതെ ഗവർണറെ മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ശക്തമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ കാലാവധി പൂർത്തിയാകുംമുൻപ് മാറ്റാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

CV Ananda Bose's resignation from the post of Governor of West Bengal has sent shockwaves through the political landscape. While the exact reasons remain undisclosed, he has stated that the full explanation will be revealed at the appropriate time.