2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (KEAM) പ്രവേശന പരീക്ഷാ ഫലം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫാർമസി (ബി.ഫാം) വിഭാഗത്തിൽ തൃശൂർ പോട്ട സ്വദേശി വിനായക് നാരായണനാണ് ഒന്നാം റാങ്ക്.
ഇത്തവണ എഞ്ചിനീയറിങ് പരീക്ഷ എഴുതിയവരിൽ 79,717 പേരും ബി.ഫാം പരീക്ഷയിൽ 26,943 പേരും റാങ്ക് ലിസ്റ്റിൽ ഇടംനേടി. ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടികൾ ഈ മാസം 30-ന് ആരംഭിക്കുമെന്നും ജൂലൈ എട്ടിനകം ആദ്യ അലോട്ട്മെന്റ് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
എഞ്ചിനീയറിങ് റാങ്ക് ജേതാക്കൾ:
ഫാർമസി (ബി.ഫാം) ഒന്നാം റാങ്ക്:
ഈ വർഷത്തെ ആദ്യ 100 റാങ്കുകാരുടെ പട്ടികയിൽ കേരള സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികളും സി.ബി.എസ്.ഇ വിദ്യാർത്ഥികളും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്. ആദ്യ നൂറിൽ 48 പേർ കേരള സിലബസ് വിദ്യാർത്ഥികളും 47 പേർ സി.ബി.എസ്.ഇ വിദ്യാർത്ഥികളുമാണ്. കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 79 സീറ്റും സി.ബി.എസ്.ഇ വിദ്യാർത്ഥികളാണ് കൊണ്ടുപോയത്; കേരള സിലബസുകാർ വെറും 21 പേർ മാത്രമായിരുന്നു. എന്നാൽ ഇത്തവണ നടപ്പിലാക്കിയ പുതിയ മാർക്ക് ഏകീകരണ ഫോർമുല കേരള സിലബസ് വിദ്യാർത്ഥികൾക്ക് തുണയായി.
പശ്ചിമേഷ്യയിലെ അതീവ ഗുരുതരമായ യുദ്ധസാഹചര്യങ്ങളെയും വിമാന സർവ്വീസ് തടസ്സങ്ങളെയും യുദ്ധകാലാടിസ്ഥാനത്തിൽ മറികടന്നാണ് ഇത്തവണ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പരീക്ഷ പൂർത്തിയാക്കിയത്. ദുബായിൽ കനത്ത യുദ്ധഭീഷണിയും സ്കൂളുകൾ അടച്ചിടുകയും ചെയ്ത സാഹചര്യത്തിൽ, ദുബായ് സെന്ററിലെ കുട്ടികൾക്കായി യു.എസ്.ഇ എംബസിയുടെ സഹായത്തോടെ ഷാർജയിൽ പുതിയ സെന്റർ അനുവദിച്ച് പരീക്ഷ നടത്തി. കൂടാതെ കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്കായി അവിടെയും പുതിയ സെന്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരിച്ചു. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) പരീക്ഷ നടന്നത്.
കേരളത്തിലെ 152 കേന്ദ്രങ്ങളിലായി 95,016 പേരും, വിദേശത്തും മറ്റ് ഇന്ത്യൻ നഗരങ്ങളിലുമായി 1,734 പേരും എഞ്ചിനീയറിങ് പരീക്ഷ എഴുതി. ബി.ഫാമിനായി ആകെ 31,141 പേരാണ് പരീക്ഷ എഴുതിയത്. എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ AICTE കലണ്ടർ പ്രകാരം ആഗസ്റ്റ് 14-നകം പൂർത്തിയാക്കേണ്ടതുണ്ട്.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന 'നാറ്റ' (NATA) പരീക്ഷാ സ്കോർ ലഭ്യമാകുന്ന മുറയ്ക്ക് ഇതിന്റെ അലോട്ട്മെന്റ് ആരംഭിക്കും.