അങ്കണവാടി കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണിയുടെ മറവില്‍ ക്രമക്കേട് നടന്നതായി ആക്ഷേപം. കോട്ടയം മൂന്നിലവ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലുള്ള അങ്കണവാടി അടുത്തിടെ നവീകരിച്ചതിലാണ് പരാതി
മൂന്നിലവ് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ചകിണിയാന്തടം അങ്കണവാടിയിലെ നിർമാണ പ്രവർത്തികളിലാണ് പരാതി.രണ്ടു നില കെട്ടിടത്തിലെ തറയുടെ പലയിടത്തായി അഞ്ചു ടൈലുകള്‍ അടുത്തിടെ പൊട്ടിയിരുന്നു. ഇതു മാറ്റി പുതിയത് വയ്ക്കുന്നതിന് പകരം മുഴുവന്‍ ടൈലുകളും പൊളിച്ച് പുതിയവ സ്ഥാപിച്ചു. ഇതിനായി രണ്ടര ലക്ഷത്തോളം രൂപയാണ് ചെലവാക്കിയെന്ന് പൊതുപ്രവര്‍ത്തകനായ ജോണ്‍സണ്‍ ജില്ലാ കലക്ടര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.
അംഗന്‍വാടി അടുക്കളയിലെ മലിനജലം പുറത്തേക്ക് ഒഴുകി തൊട്ടടുത്തുള്ള വീട്ടുകാർക്ക് ബുദ്ധിമുട്ടായി. കെട്ടിടത്തിലെ മേല്‍ക്കൂരയിൽ ഷീറ്റ് ഇട്ടതിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. അതേസമയം പഞ്ചായത്തിലെ എൻജിനീയർമാരുടെ നിർദേശപ്രകാരമാണ് നിർമാണ അനുമതി നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക്കിന്‍റെ വിശദീകരണം .