പഠിച്ചവരും പഠിപ്പിച്ചവരും പഠിത്തവീട്ടിൽ ഒത്തുചേർന്ന് ഓർമകൾ പങ്കുവെച്ചു. കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജിലെ പൂർവ വിദ്യാർഥി സംഗമമാണ് കോളജിന് ആഘോഷമായത്.
ദൂരെയും ചാരെയും ഉള്ളവർ പ്രായഭേദമന്യേ ഒത്തുചേർന്നപ്പോൾ ദശാബ്ദങ്ങൾക്ക് മുൻപുള്ള ഓർമകളിലേക്കാണ് പോയത്. എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു പൂർവ്വ വിദ്യാർഥി സംഗമം. കോളജിൽ വിവിധ വർഷങ്ങളിലായി പഠിച്ചിറങ്ങിയ കോളജ് യൂണിയൻ ചെയർമാൻമാർ ചേർന്ന് തിരിതെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കോളജ് മാനേജർ ഫാദർ ഡോക്ടർ കുര്യൻ ചാലങ്ങാടി അനുഗ്രഹ പ്രഭാഷണം നടത്തി. 1964 മുതൽ 1970 വരെ പഠിച്ച മുതിർന്ന പൂർവ വിദ്യാർഥികളെയും കോളജിന്റെ മുൻ സ്റ്റുഡൻസ് യൂണിയൻ ചെയർമാൻമാരെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ ജീവകാരുണ്യ പദ്ധതികൾ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നടത്തുന്നതായി ഭാരവാഹികൾ പറഞ്ഞു.
1964 -ൽ സിഎംഐ സന്യാസ സമൂഹത്തിന്റെ മാതൃഭവനമായ മാന്നാനം സെൻറ് ജോസഫ് ആശ്രമത്തിന്റെ ഉന്നതവിദ്യാഭ്യാസ സംരംഭമായി തുടങ്ങിയതാണ് കെഇ കോളജ്.