കോട്ടയത്ത് പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം. നിരസിച്ചതിനെത്തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടം ജയിച്ചു. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13, 14, 15 വാർഡുകളില്‍ നിന്നാണ് മൂന്നുപേരും വിജയിച്ചത്. 

20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. എന്നാല്‍ കേരള കോൺഗ്രസു (എം) മായുള്ള തർക്കങ്ങൾക്കൊടുവിലാണ് ബിനുവിനെ സിപിഎം പുറത്താക്കിയത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് കറുപ്പ് വസ്ത്രമണി‍ഞ്ഞ് ബിനു പ്രതിഷേധിച്ചിരുന്നു.

അതേസമയം, ബിനുവിന്റെ മകള്‍ ദിയ ബിനുവിന്‍റെ കന്നിയങ്കം കൂടിയായിരുന്നു ഇത്തവണ. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ് ഇരുപത്തിയൊന്നുകാരിയായ ദിയ. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

ENGLISH SUMMARY:

Kottayam election results highlighted an independent candidate's win. Binu Pulikkakandam and his family triumphed after he was denied the CPM chairman post in Kottayam.