കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. കലോത്സവ ഫണ്ടും സർവകലാശാല കായിക താരങ്ങൾക്കുള്ള ഫണ്ടും വിസി തടഞ്ഞു എന്നാരോപിച്ചാണ് മാർച്ച്.  സർവ്വകലാശാല കവാടത്തിനു മുന്നിൽ പോലീസ് കെട്ടിയ ബാരിക്കേഡ് തകർത്ത്, കവാടത്തിന്‍റെ ചങ്ങലപ്പൂട്ട്  അടിച്ചുതകർത്ത് പ്രതിഷേധക്കാർ സർവകലാശാല ആസ്ഥാനത്തിനുള്ളില്‍ കയറി.  ഈ സമയം പൊലീസ് നോക്കുകുത്തിയായിരുന്നു. 

 

പേരിന് ജലപീരങ്കി പ്രയോഗിച്ചത് ഒഴിച്ചാൽ മറ്റൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല. സർവ്വകലാശാല ആസ്ഥാനത്ത് രജിസ്ട്രാറുടെ  ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചു കയറാൻ ശ്രമിച്ചു. ഇത് തടഞ്ഞ പോലീസും  എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസിന്‍റെ ലാത്തിയും ഷീൽഡും പിടിച്ചു വാങ്ങി പ്രവര്‍ത്തകര്‍ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോഴും പ്രതിഷേധക്കാർക്കെതിരെ ബലം പ്രയോഗിക്കാൻ പൊലീസ് തയ്യാറായില്ല. 

 

വി.സി വരാതെ പിൻവാങ്ങില്ല എന്ന് പറഞ്ഞു പ്രതിഷേധം തുടര്‍ന്ന എസ്എഫ്ഐക്കാരെ ഉച്ചയ്ക്കുശേഷം അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. പ്രധാനകവാടം അടച്ച് വാഹനം തടയാന്‍ ശ്രമിച്ചു. ഒടുവില്‍ പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.

ENGLISH SUMMARY:

There were clashes during the SFI march to Kerala University. The march was held alleging that the Vice-Chancellor had blocked the funds for the arts festival and the funds allocated for university sports students. Protesters broke the barricades set up by the police at the university gate and smashed the gate lock, forcing their way into the university headquarters, while the police stood by as mere spectators.