കോട്ടയത്ത് കഴിഞ്ഞ രണ്ടുദിവസത്തെ മഴയിലും കാറ്റിലും നൂറ്റിഎഴുപത്തിരണ്ടു വീടുകൾ ഭാഗീകമായി തകർന്നു. കെഎസ്ഇബിക്ക് മാത്രം രണ്ടേമുക്കാൽ കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ഈരാറ്റുപേട്ട തലപ്പലം പഞ്ചായത്തിലെ പുന്നാനി ഭാഗത്ത് താമസിക്കുന്ന മുരുകന് കയറിക്കിടക്കാൻ വീട്ടില്ലാതായി. ശക്തമായ കാറ്റിൽ രണ്ടു മരങ്ങൾ വീണ് ഓടിട്ട വീട് പൂർണ്ണമായി തകർന്നു. ഇനി എന്തു ചെയ്യുമെന്ന് വിഷമിക്കുകയാണ് 74കാരനായ മുരുകൻ
ഇങ്ങനെ ജില്ലയിൽ 172 വീടുകളാണ് ഭാഗികമായി തകർന്നത്. മിക്കവരും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. കോട്ടയം താലൂക്കിൽ മാത്രം 60 വീടുകൾക്ക് കേടുപാട് ഉണ്ടായി. കഴിഞ്ഞ
മേയ് 24 മുതൽ ഇതുവരെ കാറ്റിലും മഴയിലുമായി ജില്ലയിൽ 534 വീടുകൾക്ക് ഭാഗികനാശമുണ്ടായെന്നാണ് റവന്യൂ വകുപ്പിൻ്റെ കണക്ക്. രണ്ടുദിവസത്തിനുള്ളിൽ കെഎസ്ഇബിക്ക് രണ്ടു കോടി 43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കോട്ടയം ഇലക്ട്രിക്കൽ സർക്കിളിലാണ് കൂടുതൽ നഷ്ടമുണ്ടായത്. 369 ലോ ടെൻഷൻ പോസ്റ്റുകളും 62 ഹൈടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. വെള്ളക്കെട്ട് രൂക്ഷമായ കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ തുറന്നു. നാലു കുടുംബങ്ങളിലെ 19 പേരാണ് ക്യാമ്പിലുള്ളത്.