കോട്ടയത്ത് ജയിൽ ചാടിയ മോഷ്ടാവിനെ പതിനൊന്നു ദിവസമായിട്ടും പിടികൂടാനായില്ല. ട്രെയിനിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന അസംകാരനായ പ്രതിയ്ക്കായി സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പൊലീസും ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം അസമിലും തിരച്ചിൽ നടത്തുകയാണ്.
അസം നഗോൺ സ്വദേശി അമിനുൽ ഇസ്‌ലാം ആണ് കഴിഞ്ഞ ജൂൺ 30ന് കോട്ടയം ജില്ലാ ജയിലിന്‍റെ മതിൽ ചാടിയത്. ജയിലിൽ പരിശോധനയ്ക്ക് പുറത്തിറക്കിയപ്പോൾ ഉച്ചയ്ക്കുശേഷം മൂന്നിന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽചാടി രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. വിജിലൻസ് ഓഫിസിനോടു ചേർന്നുള്ള റോഡിലൂടെ അമിനുൽ ഇസ്‌ലാം നടന്നു പോകുന്നതിന്റെ നിരീക്ഷണ കാമറ ചിത്രം പുറത്തുവന്നിരുന്നു.
പ്രതിക്കായി ഈസ്റ്റ് പൊലീസ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ജയിൽ ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെട്ട സംഘം അസമിലും തിരച്ചിൽ തുടരുന്നു. ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ചതിനാണ് അമിനുൽ ഇസ്‌ലാം പിടിയിലായത്. ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പരശുറാം എക്സ്പ്രസിലേക്ക് ഓടിക്കയറിയ പ്രതിയെ ആർപിഎഫ് പിടികൂടുകയായിരുന്നു. ജോലിയിൽ വീഴ്ച വരുത്തിയതിന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടി ഉണ്ടാകും.