നടിയെ ആക്രമിച്ച കേസില്‍ വിധിയ്ക്കു ശേഷം നിരാശാജനകമായ പ്രതികരണവുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി. എട്ടാം പ്രതിയായ ദീലീപിനെ വെറുതെ വിട്ടപ്പോളേ പ്രതീക്ഷ അവസാനിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു. അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ല. ഇതാണോ ജുഡീഷ്യറി?. ഒരു സാഹചര്യത്തിലും സ്വീകരിക്കാനാകാത്ത വിധിയാണിത് . ഇത്തരം അനീതികള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ നീതി കൈയ്യിലെടുക്കും. പറയാതിരിക്കുന്നതും പ്രതിഷേധമാണ്. കോടതിയിലെത്താത്തത് അതിനാലാണെന്നും മിനി മനോരമ ന്യൂസിനോടു പ്രതികരിച്ചു.
പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും 20വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് വിധിച്ചു. പ്രതികളുടെ പ്രായവും കുടുംബസാഹചര്യവും പരിഗണിച്ചു. എല്ലാശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നിലവില്‍ പ്രതികള്‍ അനുഭവിച്ച തടവ് കാലയളവ് ഇളവുചെയ്യും. അതിജീവിതയ്ക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം. സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ ജയിലില്‍ കിടന്ന കാലയളവ് കുറയ്ക്കുമെന്നിരിക്കെ ഒന്നാംപ്രതി പള്‍സര്‍ സുനി ഏതാണ്ട് 13വര്‍ഷം ഇനി തടവുശിക്ഷ അനുഭവിച്ചാല്‍ മതി. മാര്‍ട്ടിന്‍ 13വര്‍ഷവും മണികണ്ഠന്‍ 16വര്‍ഷവും ജയിലില്‍ കിടക്കണം. വിജീഷ് 16വര്‍ഷവും വടിവാള്‍ സലീമും പ്രദീപും 18വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം.
കുറഞ്ഞശിക്ഷ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.അജകുമാര്‍ പ്രതികരിച്ചു.. ശിക്ഷയില്‍ നിരാശയുണ്ട്. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും നീതി മേല്‍ക്കോടതിയില്‍ നിന്ന് ലഭിക്കുമെന്നും അജകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്നും സര്‍ക്കാര്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു
വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ലെന്നുംനല്ല വിധി ആയിട്ടാണ് തോന്നുന്നതെന്നും അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണെന്നും മന്ത്രി പി രാജീവ്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടികൾ ഉണ്ടാകും. വിധിന്യായത്തെ നമുക്ക് വിമർശിക്കാമെങ്കിലും ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. അതിജീവിതയ്ക്ക് നീതിലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ കമല്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.