pakida-game-news

ഒരുകാലത്ത് നാട്ടിൻപുറങ്ങളുടെ ആവേശമായിരുന്നു പകിടകളി. ഗ്രാമവീഥികളിലും ആൽത്തറകളിലും സജീവമായിരുന്ന നാടൻ വിനോദം ഇന്ന് ഓർമകളിൽ മാത്രം. കാലത്തിന്റെ മാറ്റത്തിൽ അന്യംനിന്നുപോയ പകിടകളിക്ക് വീണ്ടും ജീവൻ നൽകുകയാണ് ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്ത്. കേരളോത്സവത്തിന്റെ ഭാഗമായി പകിടകളിയും മത്സരയിനമായതോടെ പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയും ആവേശത്തോടെ കളത്തിലിറങ്ങി.

കളി പഴയതാണ്. ആവേശത്തിന് ഒട്ടും കുറവില്ല. പകിട ഉരുളുമ്പോൾ ആകാംക്ഷ. കരുക്കൾ നീങ്ങുമ്പോൾ വാശി. വർഷങ്ങൾക്കിപ്പുറം നാട്ടിൻപുറങ്ങളിൽ നിന്ന് മാഞ്ഞുപോയ പകിടകളി വീണ്ടും കളിക്കളത്തിൽ സജീവമാകുകയാണ്. ഒരുകാലത്ത് അതിർത്തി ഗ്രാമമായ കരുണാപുരത്തിന്റെ വഴിയോരങ്ങളിലും ആൽത്തറകളിലും പതിവ് കാഴ്ചയായിരുന്നു പകിടകളി. ഗ്രാമങ്ങൾ തോറും പകിടസംഘങ്ങൾ സജീവം. വർഷം മുഴുവൻ നീളുന്ന വാശിയേറിയ ടൂർണമെന്റുകളും. എന്നാൽ കാലം മാറിയതോടെ പുതിയ വിനോദങ്ങൾ ഇടംപിടിച്ചു. പകിടകളി പതിയെ ഓർമകളിലേക്ക് ഒതുങ്ങി. പഴയകാലത്തിന്റെ ആ നല്ല ഓർമകൾ തിരിച്ചുപിടിക്കാനാണ് കരുണാപുരം ഗ്രാമപഞ്ചായത്തിന്റെ വേറിട്ട ശ്രമം.

പഞ്ചായത്തിന്റെ ആശയത്തിന് നാടിന്റെ പിന്തുണയുമുണ്ട്. പ്രായഭേദമന്യേ നിരവധി പേരാണ് മത്സരത്തിൽ പങ്കെടുത്തത്. കാലം എത്ര മാറിയാലും ചില കളികൾക്ക് പകരക്കാരില്ലെന്ന് തെളിയിക്കുകയാണ് കരുണാപുരം. കളിത്തട്ടിൽ വീണ്ടും ഉരുളുന്ന പകിടകൾക്കൊപ്പം നാട്ടുകാർ പങ്കുവയ്ക്കുന്നതും ഒരേ പ്രതീക്ഷ. പഴമയുടെ ഈ കളിയാവേശം ഇനിയൊരിക്കലും നിലയ്ക്കരുത്.

ENGLISH SUMMARY:

Karunapuram Grama Panchayat in Idukki has taken a unique initiative to revive 'Pakida Kali', a traditional Indian board game that was once an integral part of rural life. Once popular across village junctions and banyan tree platforms in the border region, the game had slowly faded into memory with the advent of modern entertainment. As part of the annual Keralotsavam celebrations, the panchayat included Pakida Kali as an official competition item, receiving overwhelming participation from both old and young generations. The enthusiastic response has sparked hope among villagers that this iconic traditional game will continue to thrive for years to come.