സി.ടി സ്കാനിങ് മെഷീൻ പണിമുടക്കിയതോടെ ഇടുക്കി മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ. പരാതികളെ തുടർന്ന് കഴിഞ്ഞമാസം ശരിയാക്കിയ മെഷിനാണ് വീണ്ടും തകരാറിലായത്. ആശുപത്രിയിലെ അശാസ്ത്രീയ ക്രമീകരണങ്ങളും രോഗികളെ വലയ്ക്കുകയാണ് .
കാലങ്ങളായി പണിമുടക്കിയ സി ടി സ്കാൻ യൂണിറ്റ് വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് നന്നാക്കിയത്. എന്നാൽ ഒരാഴ്ചയായി മെഷീൻ വീണ്ടും പണിമുടക്കി. ഇതോടെ വൻ തുക മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളെ സഹായിക്കാൻ മെഡിക്കൽ കോളജ് അധികൃതർ ഒത്തുകളിക്കുകയാണെന്നാണ് ആരോപണം .
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ വാർഡ് പഴയ മെഡിക്കൽ കോളജ് കെട്ടിടത്തിലാണുള്ളത്. പരിശോധിക്കേണ്ട ഡോക്ടർമാർ പുതിയ ബ്ലോക്കിലെ രണ്ടാം നിലയിലാണുള്ളത്. ഇതോടെ അടിയന്തര സാഹചര്യം വന്നാൽ ആംബുലൻസ് വിളിക്കേണ്ട ഗതികേടാണുള്ളത്. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്-റേ യൂണിറ്റ് ജീവനക്കാർ ഇല്ലാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്. സിറ്റി സ്കാൻ യൂണിറ്റിന്റെ തകരാർ ഉടൻതന്നെ പരിഹരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. അടിക്കടി രോഗികളെ വലയ്ക്കുന്ന മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം