പാരമ്പര്യേതര ഊർജോല്പാദനം ലക്ഷ്യമിട്ടു തുടങ്ങിയ ഇടുക്കി ആമപ്പാറ സോളാർ പവർ പാർക്ക് പദ്ധതി തകർച്ചയുടെ വക്കിൽ. 16 കോടി രൂപ ചെലവഴിച്ച് നിർമിച്ച പ്ലാന്റ് കാട് കയറി നശിച്ചു. സൗരോർജ്ജം. കാറ്റ് എന്നിവയിൽ നിന്ന് ഒരേസമയം വൈദ്യുതി ഉത്പാദിപ്പിക്കുകയിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ സൗരോർജ്ജ പ്ലാന്റിന്റെ നിർമ്മാണം തുടങ്ങിയത് 2018 ലാണ്. അനെർട്ട്, സിഡാക്, കെൽട്രോൺ ഏജൻസികളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു നിർമാണം. 2022 മുതൽ മൂന്ന് മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി നാലേക്കർ സ്ഥലത്ത് പാനലുകൾ സ്ഥാപിച്ചു. നെടുങ്കണ്ടം സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാൻ 11 കെ വി ഫീഡറും തയ്യാറാക്കി. എന്നാൽ നിർമ്മാണത്തിലെ അപാകതകൾ മൂലം പദ്ധതി പാതിവഴിയിൽ മുടങ്ങി. ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു. കോടികൾ മുതൽമുടക്കി തുടങ്ങിയ പദ്ധതി പാഴാകുന്നതിൽ അധികൃതർക്ക് കൃത്യമായ ഉത്തരമില്ല. ട്രയൽ റൺ പുരോഗമിക്കുന്നു എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.