ഇടുക്കിയിൽ നാല് ഏക്കർ ഏലം കൃഷി മുന്നറിയിപ്പില്ലതെ വനം വകുപ്പ് നശിപ്പിച്ചതായി കർഷകന്‍റെ പരാതി. അടിമാലി പീച്ചാട് പ്ലാമല സ്വദേശി ബേബിയുടെ കൃഷിയാണ് നശിപ്പിച്ചത്. വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതാണെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.
പീച്ചാട് പ്ലാമലയിൽ 25 വർഷം മുമ്പ് വാങ്ങിയ ഭൂമിയിലാണ് ബേബി ഏലകൃഷി ചെയ്ത് വന്നിരുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം വനം വകുപ്പ് സംഘമെത്തി കൃഷി പൂർണമായും വെട്ടിമാറ്റി. കഴിഞ്ഞ മൂന്നു മാസമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദ്രവം മൂലം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ബേബിയുടെ പരാതി.
പൂർണമായും നിയമം അനുസരിച്ചാണ് സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതെന്നാണ് അടിമാലി റേഞ്ച് അടിമാലി റേഞ്ച് ഓഫീസർ പി.സി. രാജന്‍റെ വിശദീകരണം. മേഖലയിൽ കൂടുതൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.