ഓണത്തിന് നിറം പകരാൻ 63കാരിയുടെ ചെണ്ടുമല്ലി കൃഷി. തൃശൂർ കാഞ്ഞാണി സ്വദേശി ശോഭിക ഓണവിപണിക്കായി വിരിയിച്ചെടുത്തവയാണ് ചെണ്ടുമല്ലികൾ. 38 വർഷത്തെ കാർഷിക പരിചയമുള്ള ഇവർ ചെണ്ടുമല്ലി കൃഷി തുടങ്ങിയിട്ട് നാലുവർഷമായി.
കർഷകയുടെ പേര് പോലെ തന്നെ ശോഭിച്ചു നിൽക്കുന്ന പൂക്കൾ. സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾകൊണ്ട് അത്തപ്പൂക്കളമൊരുക്കമെന്ന സന്തോഷത്തിലാണ് ശോഭിക. മൂന്നേക്കർ കൃഷിയിടത്തിൽ പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലിയും കൃഷി ചെയ്തു. വിളവെടുപ്പിന് ഒരുങ്ങുന്ന ചെണ്ടുമല്ലിപ്പാടം കാഞ്ഞാണിയുടെ ഗ്രാമീണ കാഴ്ചയ്ക്ക് നിറം പകരുന്നു.
ശോഭികയ്ക്ക് കൃഷി ഒരു ഉപജീവനമാർഗം മാത്രമല്ല, ജീവിതമാണ്. ഇത്തവണത്തെ കൃഷി മഴ കൊണ്ടുപോകുമെന്ന് പലരും പറഞ്ഞപ്പോഴും മണ്ണ് ചതിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചു. മണ്ണിനോടുള്ള സ്നേഹവും അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഏത് പ്രായത്തിലും കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താം.