ഇടുക്കി മലങ്കര ജലാശയത്തിൽ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തള്ളിയതിന് നിർമ്മാതാക്കൾക്ക് പിഴ ചുമത്തി. ടോവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയാണ് 50,000 രൂപ പിഴ ചുമത്തിയത്. നടപടിയെടുത്തതോടെ മാലിന്യങ്ങൾ നീക്കം ചെയ്തു.
മലങ്കര ജലാശയം. ദൃശ്യം ഉൾപ്പെടെ നിരവധി സിനിമകൾ വിജയമായതോടെ ജലാശയവും പരിസരപ്രദേശങ്ങളും ഭാഗ്യ ലൊക്കേഷനുകളായി മാറി. പള്ളിച്ചട്ടമ്പി സിനിമയുടെ സെറ്റിനുവേണ്ടി ഉപയോഗിച്ച ആസ്ബറ്റോസ്, സിമന്റ്, തെർമോകോൾ, ജിപ്സം പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ ജലാശയത്തിൽ ഉപേക്ഷിച്ച ശേഷമാണ് സിനിമ സംഘം മടങ്ങിയത്. വിവരം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയത്തോടെയാണ് കുടയത്തൂർ പഞ്ചായത്തിന്റെ നടപടി
തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തെ ലക്ഷക്കണക്കിന് ആളുകളുടെ പ്രധാന കുടിവെള്ള സ്രോതസാണ് മലങ്കര ജലാശയം. ചിത്രീകരണത്തിന് ശേഷം മാലിന്യം നീക്കം ചെയ്യിക്കേണ്ടത് എം വി ഐ പി യുടെ ചുമതലയാണ്. മാലിന്യം നീക്കം ചെയ്യാൻ കരാർ എടുത്തയാളുടെ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നാണ് നിർമ്മാതാക്കളുടെ വിശദീകരണം. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.