കാട്ടാന ചക്കകൊമ്പൻ പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്നതിന്റെ ആശങ്കയിലാണ് ഇടുക്കി ചിന്നക്കനാൽ നിവാസികൾ. RRT നിരീക്ഷണം ഉണ്ടെങ്കിലും ആനയെ തുരത്താൻ വനംവകുപ്പ് ഇടപെടുന്നില്ലെന്നാണ് ആരോപണം.
വേനൽ കടുത്തതോടെ ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പന്‍റെ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം സിങ്ക് കണ്ടം റോഡിലിറങ്ങിയ കൊമ്പനെ നാട്ടുകാർ ബഹളം വച്ചാണ് തുരത്തിയത്. നിലവിൽ 301 ഉന്നതിക്ക് സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനയെ നിരീക്ഷിച്ച് വരികയാണ്.
RRT യുടെ കയ്യിൽ ആനയെ തുരത്താൻ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. ചിന്നക്കനാലിൽ പ്രത്യേക RRT യെ നിയോഗിച്ചെങ്കിലും സംവിധാനങ്ങൾ ഒരുക്കി നൽകിയിട്ടില്ല. വേനൽ കൂടുതൽ കടുത്താൽ കാട്ടാന ശല്യം രൂക്ഷമാകും. ജീവനും കൃഷിയ്ക്കും സുരക്ഷ ഒരുക്കാൻ വനവകുപ്പ് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.