wildbison-1

TOPICS COVERED

ഇടുക്കി മറയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്. പല്ലനാട് സ്വദേശി കാർത്തിക് പാണ്ടിക്കാണ് പരുക്കേറ്റത്. വീടിന് സമീപം സ്കൂൾ ബസ് കാത്തുനിൽക്കവേ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.  

സ്കൂൾ ബസ് കാത്തുനിൽക്കവേ രാവിലെ എട്ടരക്കാണ് കാർത്തിക്കിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഓടി മാറാൻ ശ്രമിച്ചെങ്കിലും പാഞ്ഞെത്തിയ കാട്ടുപോത്ത് കുട്ടിയെ കൊമ്പിൽ തൂക്കിയെറിഞ്ഞു. തോളെല്ലിന് പരുക്കേറ്റ കുട്ടിയെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ മറയൂർ ടൗണിൽ ഇറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റിരുന്നു. വന്യജീവി ആക്രമണം പതിവായ മേഖലയിൽ വനംവകുപ്പ് സുരക്ഷ ഒരുക്കുന്നില്ലെന്നാണ് ആരോപണം. നൽകിയ ഉറപ്പുകൾ പാലിക്കാൻ വനംവകുപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മറയൂരിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. വിദ്യാർഥിയെ ആക്രമിച്ച കാട്ടുപോത്ത് ഇപ്പോഴും ജനവാസ മേഖലക്ക് സമീപം തുടരുകയാണ്.

Marayoor Wild Bison Attack: Child Suffers Injuries: