idukki-anakulam-father-kills-son-family-dispute-poison-suicide-attempt

കുടുംബവഴക്കിനെ തുടർന്ന് ഇടുക്കി ആനക്കുളത്ത് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയിയാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം പിതാവ് ജോയി വിഷം കഴിച്ച് അവശനിലയിലായതിനെ തുടർന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കൊല്ലപ്പെട്ട ജസ്റ്റിൻ ജോയി സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയും വീട്ടിൽ സമാനമായ രീതിയിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനിടെ കോപാകുലനായ പിതാവ് ജോയി കമ്പിവടിയെടുത്ത് ജസ്റ്റിന്റെ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകം നടക്കുന്ന സമയത്ത് ജസ്റ്റിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കൾതന്നെ വിവരമറിയിച്ചതിനെ തുടർന്ന് മാങ്കുളം എയ്ഡ് പോസ്റ്റിൽനിന്നുള്ള പൊലീസ് സംഘമാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്.

പൊലീസെത്തുമ്പോൾ അവശനിലയിലായിരുന്ന ജോയി വിഷം കഴിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് ഉടൻതന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 30-year-old man was allegedly hit on the head and killed by his father following a domestic dispute at Anakulam in Idukki district on Wednesday morning. The deceased has been identified as Justin Joy, who according to the police, was a habitual substance abuser who frequently picked fights with his parents. During a heated argument on Wednesday, the father, Joy, struck Justin on the head with an iron rod, leading to his instant death on the spot. Following the crime, Joy consumed poison in an apparent suicide attempt and was rushed to the Adimali Taluk Hospital by the police, where he is currently undergoing treatment.