AI Generated Image
റോഡിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരൻ യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ കാൺപൂരിലെ കാകാദേവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമിത് കുമാർ എന്നയാളാണ് മരണപ്പെട്ടത്.
റോഡിന് നടുവിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത അമിത് കുമാറിനെ മദ്യലഹരിയിലായിരുന്ന യുവാക്കൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രതികൾ ഇഷ്ടിക ഉപയോഗിച്ച് അമിതിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. സെപ്റ്റംബർ 5ന് രാത്രി വൈകിയാണ് അമിത് കുമാറിനെ പരുക്കുകളോടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ ശ്രീവാസ്തവ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റതാണെന്നാണ് ആദ്യ ഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് യുവാക്കളുമായി അമിത് തർക്കത്തിലേർപ്പെട്ടിരുന്നതായി വ്യക്തമായത്. ഈ തർക്കത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതെന്നും പിന്നീട് മരണത്തിന് കാരണമായതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാകാദേവ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനായി അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ ഇവര്‍ അറസ്റ്റിലാകുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.