കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവെന്ന് പരാതി. വെരിക്കോസ് വെയിൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇടുക്കി ബൈസൺ വാലി സ്വദേശി ഇ വി ഷൈജുവിന്‍റെ ശരീരത്തിൽ ഡോക്ടർ മറന്നുവച്ചത് 45 സെന്‍റീമീറ്റർ നീളമുള്ള മെഡിക്കൽ വയർ. ഗുരുതര അണുബാധയും ആരോഗ്യ പ്രശ്നങ്ങളും പ്രതിസന്ധിയിലായതോടെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ഷൈജു .
ബൈസൺവാലി നാല്പത് ഏക്കർ സ്വദേശിയായ ഏഴാനിക്കാട്ട് ഇ.വി. ഷൈജുവാണ് ഗുരുതര ചികിത്സപ്പിഴവിന് ഇരയായത്. കാലിലെ വെരിക്കോസ് വെയ്ൻ ചികിത്സയ്ക്കായി കോതമംഗലത്തെ മാർ ബസേലിയസ് ആശുപത്രിയിലാണ് ഷൈജു ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ ഉപയോഗിച്ച ഗൈഡ് വയർ പുറത്തെടുക്കാതെ ഡോക്ടർമാർ അത് മുറിവിനുള്ളിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
ചികിത്സ പൂർത്തിയാക്കിയ ശേഷം വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയ ഷൈജുവിന് കഠിനമായ വേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടു. അവിടെവച്ച് മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെയാണ് മാംസത്തിനുള്ളിൽ ലോഹക്കമ്പി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ ഗൈഡ് വയർ രക്തധമനിയിലൂടെ സഞ്ചരിച്ച് ഹൃദയത്തിന് തൊട്ടടുത്ത് വരെ എത്തിയതായി കണ്ടെത്തി.
ഉടനെ നാട്ടിൽ തിരിച്ചെത്തിയ ഷൈജുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ശസ്ത്രക്രിയയിലൂടെയാണ് ശരീരത്തിനുള്ളിൽ കിടന്ന 45 സെന്‍റീമീറ്റർ നീളമുള്ള കമ്പി പുറത്തെടുത്തത്. കമ്പി ശരീരത്തിനുള്ളിൽ കിടന്നതിനാൽ അണുബാധയും ബാധിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി എട്ട് ലക്ഷം രൂപ ചെലവായ ഷൈജുവിന് ആരോഗ്യപ്രശ്നങ്ങൾ കാരണം വിദേശത്തെ ജോലിയും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
അബദ്ധം പറ്റിയതായി ചികിത്സിച്ച ഡോക്ടർ ഫോണിലൂടെ സമ്മതിച്ചെങ്കിലും നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ലെന്നാണ് ഷൈജുവിന്‍റെ ആരോപണം. സംഭവത്തിൽ വിശദീകരണം തേടിയതായി ആശുപത്രി അധികൃതർ അറിയിച്ചു. കേസിൽ നീതി കിട്ടണം എന്നാവശ്യപ്പെട്ട് ഷൈജു കോതമംഗലം പൊലീസിൽ പരാതി നൽകി