ഇടുക്കി ദേവികുളം മണ്ഡലത്തിൽ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപി സ്ഥാനാർഥിയായേക്കും. സിപിഎം വിട്ട രാജേന്ദ്രനെ കളത്തിലിറക്കി തോട്ടം മേഖലയിലെ വോട്ടുകൾ പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെടില്ലെന്നാണ് സിപിഎം വിലയിരുത്തൽ.
തുടർച്ചയായി മൂന്ന് തവണ ദേവികുളത്തുനിന്ന് നിയമസഭയിലെത്തിയ രാജേന്ദ്രന് തോട്ടം മേഖലയിൽ ശക്തമായ സ്വാധീനമുണ്ട്. ഇത് വോട്ടായി മാറിയാൽ മൂന്നാറിൽ ചുവടുറപ്പിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. രാജേന്ദ്രൻ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ബിജെപി ഇടുക്കി ജില്ല നേതൃത്വവും കൈ കൊടുത്ത് കഴിഞ്ഞു.
മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കായി സഹകരണ സംഘം തുടങ്ങണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് രാജേന്ദ്രൻ ബിജെപിയിലെത്തിയത്. രാജേന്ദ്രന് പിന്നാലെ കോൺഗ്രസിലെയും സിപിഎമ്മിലെയും കൂടുതൽ നേതാക്കൾ ബിജെപി അംഗത്വമെടുക്കുമെന്നാണ് സൂചന.